ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്നും നീക്കിയതിനെതിരെ ചന്ദാകൊച്ചാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജി വച്ചതിന് ശേഷമാണ് ബാങ്ക് ചന്ദാകൊച്ചാറിനെ പുറത്താക്കിയതെന്ന് കോടതി നിരീക്ഷിച്ചു. മുൻകൂർ അനുമതിയില്ലാതെ ജോലിയിൽ നിന്നും പിരിച്ചു വിടാൻ കഴിയില്ലെന്ന് കൊച്ചാറിന് വേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഉത്തരവിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും ബാങ്കും തൊഴിലുടമയും തമ്മിലുള്ള സ്വകാര്യ കരാറിന്റെ പരിധിയിൽ വരുന്ന കാര്യമാണിതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൊച്ചാറിന്റെ അപേക്ഷ ഈ വർഷം ആദ്യം മുംബയ് ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്.
വീഡിയോകോൺ ഗ്രൂപ്പിന് അനധികൃതമായി 1,875 കോടി രൂപ വായ്പ അനുവദിച്ചെന്ന ആരോപണത്തിന്റെ പേരിലാണ് ചന്ദാകൊച്ചാർ ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്നും രാജിവച്ചത്. സംഭവത്തിൽ ചന്ദാകൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ , വീഡിയോകോൺ ഗ്രൂപ്പിന്റെ വേണുഗോപാൽ എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇതുസംബന്ധിച്ച കുറ്റപത്രം മുംബയിലെ പ്രത്യേക കോടതിയിൽ ഇഡി നവംബർ അഞ്ചിന് സമർപ്പിച്ചിരുന്നു.