തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയുടെ പേരിൽ സി.പി.എമ്മിലും സർക്കാരിലും ഭിന്നതയുണ്ടെന്ന പ്രചാരവേല അടിസ്ഥാനരഹിതവും, ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള രാഷ്ട്രീയ എതിരാളികളുടെ വ്യഥാ ശ്രമവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വിജിലൻസ് പരിശോധനയെ സംബന്ധിച്ച ചില പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടു. കെ.എസ്.എഫ്.ഇ പോലെ മികവാർന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ഈ പരിശോധനയെ ചിലർ ഉപയോഗിക്കുന്നതു കണ്ട് നടത്തിയ പ്രതികരണങ്ങളായിരുന്നു അത്. അത്തരം പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു.
നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി എൽ.ഡി.എഫ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹത്തിൽ നല്ല സ്വീകാര്യതയുണ്ട്. അതുകൊണ്ടാണ് നിരന്തരം വിവാദങ്ങൾ സൃഷ്ടിച്ച് ആശയക്കുഴപ്പമുണ്ടാക്കാൻ പ്രതിപക്ഷവും ഒരു വിഭാഗം മാദ്ധ്യമങ്ങളും ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് ,പാർട്ടിയിലും സർക്കാരിലും ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും. പാർട്ടിയും എൽ.ഡി.എഫും ഒറ്റക്കെട്ടാണെന്നത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നു. ഇത് രാഷ്ട്രീയ എതിരാളികളെ നിരാശരാക്കുന്നതാണ് ഇപ്പോഴത്തെ പ്രചാരവേലകളിൽ പ്രതിഫലിക്കുന്നത്. കേരളത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനമാണ് കെ.എസ്.എഫ്.ഇ. അതിനെ തകർക്കുന്നതിന് സങ്കുചിത രാഷ്ട്രീയ ലക്ഷ്യം വച്ച് യു.ഡി.എഫും ബി.ജെ.പിയും നടത്തുന്ന നീക്കം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്നും സി.പി.എം വ്യക്തമാക്കി.