മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാദ്ധ്യതകളും പ്രതീക്ഷകളും മലപ്പുറം പ്രസ് ക്ലബ്ബിലെ മീറ്റ് ദ ലീഡറിൽ വിലയിരുത്തുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
യു.ഡി.എഫ് ശക്തം
കോൺഗ്രസ് - ലീഗ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണ്. ഒന്നുരണ്ടിടങ്ങളിലേ സൗഹൃദ മത്സരമുള്ളൂ. ഇത് യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കില്ല.
പുറത്തുള്ളവർക്ക് പ്രവേശനമില്ല
യു.ഡി.എഫിന് പുറത്തേക്ക് ഒരുകക്ഷിയുമായും ധാരണയില്ല. വെൽഫെയർ പാർട്ടിയുമായി ഔദ്യോഗികമായി യാതൊരു ബന്ധവുമില്ല. ഇവരെ വിമർശിക്കുന്ന സി.പി.എം കഴിഞ്ഞ തവണ പരസ്യമായി കൂട്ടുകൂടിയതാണ്. അവർക്ക് ആരുമായി കൂട്ടുകൂടാനും മടിയില്ല. യു.ഡി.എഫിന്റെ ബാനറിൽ സഖ്യത്തിന് പുറത്തുനിന്ന് ആരെങ്കിലും വോട്ട് ചോദിക്കുന്നുണ്ടെങ്കിൽ പ്രാദേശിക നേതൃത്വം ഇടപെടണം.
കടന്നുകയറ്റം പ്രചാരണമാക്കും
തദ്ദേശ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഫണ്ടും സർക്കാർ വെട്ടിക്കുറച്ചു. സംസ്ഥാനത്ത് നടക്കുന്ന അഴിമതികൾക്ക് ജനം മറുപടിയേകും. സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാവും തിരഞ്ഞെടുപ്പ്. പല നടപടികളിലും മോദിയും പിണറായിയും ഒരുപോലെയാണ്. കേരളം പോലൊരു സംസ്ഥാനത്ത് അഭിപ്രായ സ്വാതന്ത്രം തടയുന്ന നിയമം ചർച്ചയില്ലാതെ ഓർഡിനൻസായി കൊണ്ടുവന്നത് കറുത്ത അദ്ധ്യായമാണ്. കാർഷിക മേഖലയെ തകർക്കുന്ന നിയമം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് മോദി സർക്കാർ കാർഷിക ബില്ല് നടപ്പാക്കിയത്.
ക്ഷേമ പെൻഷനുകൾ
വി.എസ് സർക്കാരിന്റെ കാലത്ത് 13.9 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ നൽകിയിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിത് 36 ലക്ഷമാക്കി. പെൻഷനുകൾ എല്ലാം വർദ്ധിപ്പിച്ചു. രണ്ട് പെൻഷൻ വാങ്ങിക്കാമോ എന്നത് മാത്രമായിരുന്നു അന്നത്തെ പ്രശ്നം. പാവപ്പെട്ടവർക്ക് രണ്ട് പെൻഷനും വാങ്ങാമെന്ന നിലപാട് സ്വീകരിച്ചു. ഉദാഹരണത്തിന് കർഷക തൊഴിലാളികൾക്ക് അവർ വിഹിതം അടയ്ക്കുന്ന പെൻഷനും വാർദ്ധക്യകാല പെൻഷനും വാങ്ങിക്കാം. എന്നാൽ പാവപ്പെട്ടവർക്കുള്ള രണ്ട് പെൻഷൻ എൽ.ഡി.എഫ് തിരുത്തി. എം.എൽ.എമാർക്കും എം.പിമാർക്കും എത്ര പെൻഷനും വാങ്ങിക്കാം. പാവപ്പെട്ടവന് പറ്റില്ലെന്ന നിലപാടാണ്.
ഗെയിൽ
ഗെയിൽ പൈപ്പ് ലൈൻ സ്ഥലമേറ്റെടുക്കൽ 80 ശതമാനവും യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പൂർത്തിയാക്കിയത്. ചിലയിടങ്ങളിൽ സ്ഥലമേറ്റെടുപ്പിന് കഴിഞ്ഞിരുന്നില്ല. ഇവിടങ്ങളിൽ സമരത്തിന് സി.പി.എമ്മുമുണ്ടായിരുന്നു.
സത്യം പുറത്തുവരും
സോളാർ കേസിൽ സത്യം ഓരോന്നും പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. ഏറെ ചർച്ച ചെയ്തതിനാൽ കൂടുതൽ പറയാനില്ല.
നേതൃത്വ ദാരിദ്രമില്ല
പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നത്തല മികച്ച പ്രവർത്തനമാണ് നടത്തുന്നത്. അടുത്ത തിരഞ്ഞെടുപ്പിൽ ആര് നയിക്കണമെന്നതൊന്നും ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ല. ഹൈക്കമാൻഡാണ് ഇക്കാര്യം തീരുമാനിക്കുക. കഴിവും ജനസമ്മിതിയുള്ള നേതാക്കന്മാർ കോൺഗ്രസിൽ ധാരാളമുണ്ട്. സ്ഥാനാർത്ഥിയെ കിട്ടാൻ പോലും നെട്ടോട്ടമോടുന്ന സി.പി.എം കോൺഗ്രസിൽ നിന്ന് സീറ്റ് ലഭിക്കാത്തവരെ പിടിക്കാൻ കാത്തുനിൽക്കേണ്ട ഗതികേടിലാണ്.