തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം കോർപറേഷനിൽ വിജയിക്കാതിരിക്കാൻ ചില വർഗീയ ശക്തികൾ ഗൂഢാലോചന നടത്തുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രചരണത്തിന്റെ രണ്ടാംഘട്ടത്തിൽ യു.ഡി.എഫ് മിക്ക വാർഡുകളിലും പ്രചാരണത്തിൽ പിന്നോക്കം പോയത് ഇതിന്റെ ഭാഗമാണോയെന്ന് സംശയമുണ്ട്. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കരുതെന്ന് മുസ്ലിംലീഗും ഇപ്പോൾ യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന ജമാഅത്തെ ഇസ്ലാമിയും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
അതിന് വേണ്ടി കോൺഗ്രസിനെ സ്വാധീനിച്ച് ഇടതുപക്ഷത്തിനെ സഹായിക്കാനുള്ള ശ്രമം പല സ്ഥലത്തും തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്ത് ബി.ജെ.പി ജയിക്കാതിരിക്കാൻ സി.പി.എമ്മിനെ വിജയിപ്പിക്കാൻ മലപ്പുറത്തെ ചില കേന്ദ്രങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു. എല്ലാ ദിവസവും അഴിമതിക്കെതിരെ സംസാരിക്കുന്ന രമേശ് ചെന്നിത്തല സ്വന്തം അഴിമതി മൂടിവെക്കാൻ വീട്ടുകാരെ പോലും ഉപയോഗിച്ചത് ലജ്ജാകരമാണ്. സുരേന്ദ്രൻ പറഞ്ഞു.
പെരിയയിൽ രണ്ട് ചെറുപ്പക്കാരെ പാർട്ടി ക്രമിനലുകൾ കൊന്ന കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ 87 ലക്ഷം രൂപയാണ് ഈ സർക്കാർ ചിലവഴിച്ചത്. അഴിമതിക്കാരെയും കൊലപാതകികളെയും രക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ അഴിമതിക്കാരുടെ സ്വന്തം നാടായി മാറി കഴിഞ്ഞു. കള്ളക്കടത്തുകാരുടെയും സ്വർണ്ണക്കടത്തുകാരുടേയും കള്ളപ്പണക്കാരുടേയും തട്ടിപ്പുകാരുടേയും നാടായി കേരളം മാറി കഴിഞ്ഞുവെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പറയുന്നു.
കേരള രാഷ്ട്രീയത്തിന്റെ ഭാഗധേയം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ജനം തൂത്തെറിയും. നരേന്ദ്രമോദി സർക്കാർ എല്ലാ കാര്യത്തിലും കേരളത്തെ സഹായിക്കാൻ തയ്യാറാണെന്ന് മലയാളികൾ തിരിച്ചറിഞ്ഞതായും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ എൻ.ഡി.എയുടെ വികസന രേഖ കെ.സുരേന്ദ്രൻ പ്രശസ്ത സിനിമാതാരമായ സുരേഷ് ഗോപി എം.പിക്ക് നൽകി പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി, ഒ.രാജഗോപാൽ എം.എൽ.എ, പി.കെ കൃഷ്ണദാസ്, പി.സുധീർ, സി.ശിവൻകുട്ടി, കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.