കാസർകോട് : ഇടതിന് കോട്ടയാണ് ചെറുവത്തൂർ ഡിവിഷൻ. ശക്തിദുർഗങ്ങളായ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഡിവിഷൻ അനായാസം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിൽ കരുത്തനായ യുവനേതാവിനെ കളത്തിലിറക്കിയാണ് സി.പി.എം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിപിഎം കോട്ടയിൽ വിള്ളൽ വീഴ്ത്താനുള്ള കരുക്കളുമായി പഴയ ഇടതുസഹയാത്രികനെ ഗോദയിലിറക്കിയാണ് യു.ഡി.എഫ് മത്സരം കടുപ്പിക്കുന്നത്. ഡിവിഷനിൽ ശക്തിതെളിയിക്കാനുള്ള പോരാട്ടവുമായി എൻഡിഎയും രംഗത്തുണ്ട്.
ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത്, വലിയപറമ്പ് ഗ്രാമ പഞ്ചായത്ത്, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തിലെ നാല് വാർഡുകൾ , പടന്ന ഗ്രാമ പഞ്ചായത്തിലെ ഉദിനൂർ വില്ലേജിൽ വരുന്ന ഏഴ് വാർഡുകൾ എന്നിവ ചേർന്നതാണ് ചെറുവത്തൂർ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. മൊത്തം 41 വാർഡുകൾ.
സി .ജെ. സജിത്താണ് ഇടതു സ്ഥാനാർഥി. തുരുത്തിയിലെ പ്രവാസി വ്യവസായി ടി .സി. എ റഹ്മാനെയാണ് ചെങ്കോട്ട പിടിക്കാൻ യു. ഡി എ.ഫ് നിയോഗിച്ചിരിക്കുന്നത്. തൊഴിലാളികൾക്കിടയിൽ നല്ല സ്വാധീനമുള്ള എ. കെ ചന്ദ്രനാണ് എൻ ഡി എ സ്ഥാനാർഥി. കിഴക്കൻ മേഖലയും തീരദേശങ്ങളും ഉൾപ്പെടുന്ന ഡിവിഷനിൽ പ്രചാരണ രംഗത്തിന് കൊഴുപ്പ് കൂട്ടുകയാണ് മൂന്ന് മുന്നണികളും
സി.ജെ.സജിത്ത് (സി.പി.എം)
ഡിവൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, ജില്ലാ സെക്രട്ടറി, സി .പി .എം ജില്ലാ കമ്മറ്റിയംഗം .കണ്ണൂർ സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്നു.
ടി.സി.എ റഹ്മാൻ ( മുസ്ലിം ലീഗ്
യു. എ .ഇ കെ .എം .സി.സി ജനറൽ സെക്രട്ടറി, അൽ ഐൻ കെ .എം .സി .സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി എന്നെ നിലകളിൽ സജീവമായിരുന്നു. ലീഗിൽ നിന്ന് ഐ.എൻ.എല്ലിലേക്കും പിന്നീട് സി.പി.എമ്മിലും. രണ്ടുവർഷം മുമ്പ് മുസ്ലിം ലീഗിൽ തിരിച്ചെത്തി.
എ. കെ. ചന്ദ്രൻ ( ബി.ജെ.പി )
മൂന്ന് തവണയായി ബി ജെ പി തൃക്കരിപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി. അതിന് മുമ്പ് വൈസ് പ്രസിഡന്റുമായിരുന്നു. കരാട്ടെ അസോസിയേഷന്റെ ജില്ലാ ജനറൽ സെക്രട്ടറി. സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ സജീവം
2015 ലെ വോട്ടുനില
എൽ .ഡി .എഫ് :21308
യു .ഡി .എഫ് :12241
എൻ. ഡി. എ : 2612