കൊച്ചി: സ്ഥാനമൊഴിഞ്ഞ മേയർ സൗമിനി ജെയിനിന്റെ വീട്ടിലേക്ക് കൊച്ചി കോർപ്പറേഷനിലെ സുപ്രധാന ഫയലുകൾ കടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം അസി.കമ്മിഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ ആഴ്ച പൊലീസ് സംഘം കോർപ്പറേഷൻ ഓഫീസിലെത്തി സെക്രട്ടറിയുടെ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. കളക്ടർ ചുമതലയേറ്റശേഷവും നൂറോളം സുപ്രധാന ഫയലുകൾ മുൻ മേയറുടെ വീട്ടിൽ കൊണ്ടുപോയിട്ടുണ്ടെന്ന പരാതിയിൽ കളക്ടർ കോർപ്പറേഷൻ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയിരുന്നു. സെക്രട്ടറിയുടെ റിപ്പോർട്ടിൻമേൽ കളക്ടർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചതായും ചുമതല ഒഴിഞ്ഞശേഷവും മേയറുടെ വിട്ടിൽ ഫയലുകൾ കൊണ്ടുപോയതായി ജീവനക്കാർ സമ്മതിച്ചുവെന്നും കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം അവസാന കൗൺസിലിന്റെ ഫയലുകൾ ഒപ്പിടാൻ കൊണ്ടുപോയതാണെന്നാണ് ജീവനക്കാരുടെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നാലെ ഏതൊല്ലാം ഫയലുകൾ കൊണ്ടുപോയിട്ടുണ്ടെന്ന് വ്യക്തമാകു. വിഷയം തിരഞ്ഞെടുപ്പിൽ സജീവ ചർച്ചായിട്ടുണ്ട്.
സഹായവുമായി ജീവനക്കാർ
സ്ഥാനമൊഴിയും മുമ്പ് കോർപ്പറേഷനിലെ ചില ഫയലുകൾ സൗമിനി ജെയിനിന്റെ വീട്ടിൽ കൊണ്ടുപോയെന്നാണ് പരാതി. ജില്ലാ കളക്ടർ കോർപ്പറേഷൻ ഭരണച്ചുമതല ഏറ്റെടുത്തതിന് പിന്നാലെ ഫയലുകളിൽ ചിലത് മേയറുടെ സ്റ്റാഫ് കോർപ്പറേഷന്റെ ജീപ്പിൽ രഹസ്യമായി തിരികെ എത്തിക്കുന്ന കണ്ടതായും ഈ പരാതിയിൽ പറയുന്നു. മേയറുടെ സ്റ്റാഫായിരുന്ന കൗൺസിൽ ക്ലർക്കും ടൈപ്പിസ്റ്റും കഴിഞ്ഞ 17ന് രാത്രി ഏഴരയോടെ കോർപ്പറേഷന്റെ ജീപ്പിലാണ് ചില ഫയലുകൾ കൊണ്ടുവന്നത്. എന്നാൽ ഓഫീസിന് മുന്നിൽ ആളുകളെകണ്ട് ഇവർ തിരിച്ചുപോയി. സി.പി.എം സെൻട്രൽ ലോക്കൽ സെക്രട്ടറി എൻ.കെ. പ്രഭാകരനായ്ക്കാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി 19നാണ് കളക്ടർക്ക് പരാതി നൽകിയത്. കോർപ്പറേഷന്റെ ഭരണച്ചുമതലയുള്ള കളക്ടറുടെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ട ഫയലുകൾ പുറത്തുകൊണ്ടുപോകാൻ പാടില്ലാത്തതാണ്. കോർപ്പറേഷന്റെ പല പദ്ധതികൾക്കെതിരെയും വിജിലൻസിന് പരാതി ലഭിച്ചിട്ടുണ്ട്. കോർപ്പറേഷൻ ഓഫീസിലെയും മേയറുടെ ഓഫീസിലെയും സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രഭാകരനായ്ക് പരാതിയിൽ ആവശ്യപ്പെട്ടു.
ഫയലുകൾ സൂക്ഷിക്കേണ്ടത് സെക്രട്ടറിയുടെ കടമയാണ്. ഏതൊക്കെ ഫയലുകളാണ് കാണാതായതെന്ന് അദ്ദേഹം വ്യക്തമാക്കണം.കൗൺസിൽ വിഭാഗത്തിലെ ഫയലുകൾ അവിടെയുണ്ടോയെന്ന് ആദ്യം പരിശോധിക്കട്ടെ. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകേണ്ടത് സെക്രട്ടറിയാണ്. ഇതുമായി ബന്ധപ്പെട്ട് ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു.
സൗമിനി ജെയിൻ
മുൻ മേയർ
അന്വേഷണം തുടങ്ങി
കോർപ്പറേഷൻ ഓഫീസിലെ ഫയലുകൾ കടത്തിയെന്ന പരാതിയിൽ അന്വേഷണം നടന്നുവരുന്നു. സെൻട്രൽ സ്റ്റേഷൻ സി.ഐക്കാണ് ചുമതല. ഫയലുകളിൽ തിരിമറി നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.
കെ.ലാൽജി
അസി.പൊലീസ് കമ്മീഷണർ
കൊച്ചി സിറ്റി