കാസർകോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകൻ നരസിംഹുഗാരി ടി.എൽ. റെഡ്ഡി കാസർകോട് ജില്ലയിലെത്തി. തിരുവനന്തപുരം കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാറാണ്. കാസർകോട് സി.പി.സി.ആർ.ഐ ഗസ്റ്റ് ഹൗസിലാണ് നിരീക്ഷകന്റെ ഓഫീസ് പ്രവർത്തിക്കുന്നത്
ജില്ലയിലെ പ്രശ്ന ബാധിത ബൂത്തുകളിൽ ജില്ലാ കളക്ടർ ഡോ. സജിത് ബാബു, ജില്ലാ പോലീസ് മേധാവി ഡി.ശിൽപ എന്നിവർക്കൊപ്പമെത്തി നിരീക്ഷകൻ പരിശോധിച്ചു. മംഗൽപ്പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം കുന്നിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്നാണ് ബൂത്തുകളുടെ പരിശോധന ആരംഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്ത് വോട്ടിൽ താഴെ മാത്രം ഭൂരിപക്ഷമുള്ളതിനാൽ ക്രിട്ടിക്കൽ വിഭാഗത്തിലാണ് ഈ സ്കൂളിലെ ബൂത്തുകൾ.
മംഗൽപ്പാടി ജി.എച്ച്.ഡബ്ല്യു.എൽ.പി സ്കൂൾ, ജി.എൽ.പി.എസ് മുളിഞ്ച, ഗവ. ഹിന്ദുസ്ഥാനി യു.പി. സ്കൂൾ കുറിച്ചിപ്പള്ള തുടങ്ങിയ സ്കൂളുകളിലെ ബൂത്തുകളും സന്ദർശിച്ചു. ചില ബൂത്തുകളിലെ ഭിന്നശേഷിക്കാർക്കുള്ള റാമ്പ് ഉൾപ്പെടെയുളള അപര്യാപ്ത്യതകൾ പരിഹരിക്കാൻ സംഘം നിർദേശം നൽകി. കൊവിഡ് സുരക്ഷയുടെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ നടത്താനും സുരക്ഷാ ക്രമീകരണങ്ങൾക്കും വേണ്ട നിർദേശവും നൽകി.
പ്രശ്നബാധിതം 84; അക്രമസാദ്ധ്യത 43 ഇടങ്ങളിൽ
ജില്ലയിൽ 84 ക്രിട്ടിക്കൽ ബൂത്തൂകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വൾനറബിൾ ബൂത്തുകളാണുള്ളത്. പരിശോധനയുടെ അടിസ്ഥാനത്തിൽ വോട്ടെടുപ്പിന് പൊലീസ് സുരക്ഷ കർശനമാക്കുന്നതും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കേണ്ടതും സംബന്ധിച്ച് കമ്മിഷൻ തീരുമാനിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 90 ശതമാനത്തിലേറെ പോളിംഗ് നടക്കുകയും അതിൽ ഒരു സ്ഥാനാർത്ഥിക്ക് മാത്രം 75 ശതമാനത്തിലേറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകൾ, പത്തോ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ബൂത്തുകൾ എന്നിവയാണ് ക്രിട്ടിക്കൽ ബൂത്തുകൾ. മുൻവർഷങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്ത ബൂത്തുകളാണ് വൾനറബിൾ ബൂത്തുകൾ.