മലയിൻകീഴ്: പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഹരീന്ദ്രനാഥ് ഡി.ജി.പി.യ്ക്ക് പരാതി നൽകി. നവംബർ 13 ന് വൈകുന്നേരം 3 മണിയോടെയാണ് പെരുകാവ് കുളവറമൂല ഗൗരീശത്തിൽ ഹരീന്ദ്രനാഥിന്റെ മകൾ ആരതി ജെ.എച്ച്. നായർ(17) വീട്ടിൽ പൊള്ളലേറ്റ് മരിച്ചത്.അടുക്കള ഭാഗത്ത് മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തല മുതൽ മുട്ട് വരെ കത്തിക്കരിഞ്ഞു. സംഭവം നടക്കുന്നതിന് അര മണിക്കൂർ മുമ്പ് മാതാവ് ജയന്തിയെ ആരതി ഫോണിൽ വിളിച്ച് പൂത്തിരി വാങ്ങിവരണമെന്ന് പറഞ്ഞിരുന്നു.വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അതേപോലെ ഉണ്ട്.പുറമേ നിന്ന് മണ്ണെണ്ണ കൊണ്ടുവന്ന് മകളെ കൊന്നതാണെന്ന സംശയമാണ് പിതാവിന്.
മലയിൻകീഴ് സി.ഐ.അനിൽകുമാർ പെൺകുട്ടിയുടെ വീടിനടുത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 15 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടേണ്ടതുണ്ട്.മണ്ണെണ്ണ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയും അതിലെ വിരലടയാളവും പൊലീസ് ശേഖരിച്ചിട്ടുണ്ട്.മകളെ തള്ളിയിട്ട ശേഷം അപകടപ്പെടുത്തിയെന്നും അവൾ മരിക്കുന്നതിന് യാതൊരു കാരണവുമില്ലെന്നുമാണ് ഹരീന്ദ്രനാഥ് പറയുന്നത്. ഫോർഡ് കമ്പനി ജീവനക്കാരനായ ഹരീന്ദ്രനാഥ് അഞ്ച് വർഷം മുമ്പാണ് കുളവറമൂലയിൽ വീട് നിർമ്മിച്ച് താമസമായത്. മാതാവ് ജയന്തി പാളയത്തെ സ്വകാര്യ ട്രാവൽസിലെ ജീവനക്കാരിയാണ്. പോയാട് സെന്റ് സേവ്യേഴ്സ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ആരതി പഠിക്കാൻ മിടുക്കിയായിരുന്നു. സഹോദരൻ അഖിൽനാഥ് വിദേശത്താണ്.