ന്യൂഡൽഹി: നാട്ടിൽ വോട്ടുള്ള പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്ര നിയമ മന്ത്രാലയത്തെ അറിയിച്ചു. അനുമതി ലഭിച്ചാൽ അടുത്തവർഷം കേരളം, പശ്ചിമബംഗാൾ, തമിഴ്നാട്, അസാം നിയമസഭാ തിരഞ്ഞെടുപ്പിൽ നടപ്പാക്കും. നിലവിൽ പ്രവാസികൾ നാട്ടിൽ വന്നു വോട്ടു ചെയ്യണം. അവധിയില്ലാത്തതും ഉയർന്ന വിമാനടിക്കറ്റ് നിരക്കും മൂലം ഭൂരിഭാഗം പ്രവാസികൾക്കും ഇതിന് കഴിയാറില്ല.
ഇലക്ട്രോണിക് തപാൽ:
തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങി അഞ്ച് ദിവസത്തിന് ശേഷം, പ്രവാസി വോട്ടർ റിട്ടേണിംഗ് ഓഫീസറെ വിവരം അറിയിക്കണം. റിട്ടേണിംഗ് ഓഫീസർ ഇ മെയിലിൽ തപാൽ ബാലറ്റ് അയയ്ക്കും. അതിന്റെ പ്രിന്റ് ഔട്ടിൽ വോട്ട് രേഖപ്പെടുത്തി, വോട്ടർ താമസിക്കുന്ന സ്ഥലത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിക്കുന്ന ഇന്ത്യൻ കോൺസൽ / നയതന്ത്ര പ്രതിനിധി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിനൊപ്പം തിരികെ അയയ്ക്കണം. ബാലറ്റ് വോട്ടർ സ്വയം അയ്ക്കണോ എന്ന് വ്യക്തമാക്കിയിട്ടില്ല. വോട്ടർമാർ നേരിട്ട് അയയ്ക്കുന്ന ബാലറ്റുകൾ നാട്ടിൽ തരംതിരിക്കുന്നത് ബുദ്ധിമുട്ടായതിനാൽ എംബസികളിൽ സ്വീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്ക് എത്തിക്കുന്നതും പരിഗണനയിലുണ്ട്.
നിയമഭേദഗതി വേണം
ഇപ്പോൾ സൈനികർക്ക് മാത്രമുള്ള ഇലക്ട്രോണിക് തപാൽ ബാലറ്റ് പ്രവാസികൾക്കും ലഭ്യമാക്കാൻ 1961ലെ തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യണം. പാർലമെന്റിന്റെ അനുമതി ഇല്ലാതെ കേന്ദ്രത്തിന് ഇത് ചെയ്യാം.
കടമ്പകൾ
2014ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രവാസി വോട്ടവകാശം നടപ്പാക്കാൻ വിദേശ മന്ത്രാലയവുമായും രാഷ്ട്രീയകക്ഷികളുമായും ചർച്ചകൾ നടത്തിയിരുന്നു.
എൻ.സി.പി മാത്രം പിന്താങ്ങി. ബി.ജെ.പി, സി.പി.എം, ബി.എസ്.പി അനുകൂലിച്ചില്ല. പ്രവാസി വോട്ടിംഗ് നല്ലതാണെന്ന് പറഞ്ഞ കോൺഗ്രസ് ഇലക്ട്രോണിക് ബാലറ്റിനോട് വിയോജിച്ചു. എംബസികൾ വഴി ബാലറ്റ് സാക്ഷ്യപ്പെടുത്താനാകില്ലെന്നും ജനാധിപത്യം ഇല്ലാത്ത രാജ്യങ്ങളിൽ അനുമതി ബുദ്ധിമുട്ടാകുമെന്നും വിദേശ മന്ത്രാലയം അറിയിച്ചു. തുടർന്ന്, പ്രവാസിയുടെ പ്രതിനിധി മണ്ഡലത്തിൽ വോട്ടു ചെയ്യുന്ന പ്രോക്സി വോട്ടിംഗ് നടപ്പാക്കാനായി നീക്കം. ഇതിനായി 1951ലെ ജനപ്രാതിനിധ്യ നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയുടെ പരിഗണനയിലിരിക്കെ ലാപ്സായി. പുതിയ നിർദ്ദേശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രോക്സി വോട്ട് സൂചിപ്പിച്ചിട്ടില്ല.
സന്തോഷം : ഷംസീർ വയലിൽ
സുപ്രീംകോടതിയിൽ 2014ൽ തുടങ്ങിയ പോരാട്ടമാണ്. ഇപ്പോൾ സന്തോഷമുണ്ടെന്ന് ഹർജ്ജിക്കാരനായ പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. വൈകാതെ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട് നിയമ മന്ത്രാലയത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ ശ്രമിക്കും.