തൃശൂർ: സിവിൽ സ്റ്റേഷൻ ഡിവിഷനിലും തൊട്ടടുത്ത പുതൂർക്കരയിലും പ്രചാരണ രംഗം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പോരാട്ടത്തിന് വാശിയേറുന്നു. സിവിൽ സ്റ്റേഷൻ യുഡി.എഫിന്റെ കൈവശവും പുതൂർക്കര എൽ.ഡി.എഫിന്റെ കൈവശവുമാണ് ഇപ്പോഴുള്ളത്. കളക്ടറേറ്റ് ഉൾപ്പെടുന്ന സ്ഥലത്ത് കഴിഞ്ഞ തവണ ഡിവിഷനെ പ്രതിനിധികരിച്ചിരുന്നത് എ. പ്രസാദായിരുന്നു. വനിതാ സംവരണമായതോടെ നിഷ രാമകൃഷ്ണനെയാണ് വാർഡ് നിലനിറുത്തുന്നതിന് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്.
പ്രസാദ് ചെയ്ത വികസന പ്രവർത്തനങ്ങളും പ്രളയകാലത്തും കൊവിഡ് കാലത്തും നടത്തിയ സേവന പ്രവർത്തനങ്ങളും ഡിവിഷനിൽ തങ്ങൾക്ക് അനുകൂലമാകുമെന്ന് യു.ഡി.എഫ് പറയുന്നു. ഡിവിഷനിൽ വിവിധ പദ്ധതികളിലൂടെ നിരവധി പേർക്ക് വീട് നൽകാൻ സാധിച്ചതും പ്രചാരണ വിഷയമാണ്. സുനിത വിനുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. രാഷ്ടീയ വിത്യാസമില്ലാതെ കോർപറേഷൻ എൽ.ഡി.എഫ് ഭരണ സമിതി ഡിവിഷനിൽ ഏറെ വികസനങ്ങൾ നടത്തിയെന്നാണ് എൽ.ഡി.എഫിന്റെ അവകാശവാദം.
ഭാഗീരഥി ചന്ദ്രനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡിവിഷനിൽ വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിച്ചതിലുള്ള ആത്മവിശ്വാസത്തിലാണ് എൻഡി.എ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നു മുന്നണികളും വിജയം നേടുമെന്ന് അവകാശപ്പെട്ട് കളം നിറഞ്ഞു നിൽക്കുകയാണ്. ലയ രാജേഷ് എന്ന സ്വതന്ത്രയും മുന്നണികൾക്ക് വെല്ലുവിളിയായി രംഗത്തുണ്ട്.
സി.പി.എം നേതൃത്വവുമായി ഇടഞ്ഞ് കൗൺസിലിൽ പോലും കൃത്യമായി പങ്കെടുത്തില്ലായെന്ന ആക്ഷേപം നിലനിൽക്കുന്ന എം.പി. ശ്രീനിവാസൻ ജയിച്ച സീറ്റ് നിലനിറുത്താനുള്ള കഠിന ശ്രമത്തിൽ എൽ.ഡി.എഫും അട്ടിമറി വിജയത്തിനായി യുഡി.എഫും എൻ.ഡി.എയും പുതൂർക്കരയിൽ പൊരുതുന്നു. സി.പി.എം ഇത്തവണ എം.പി. ശ്രീനിവാസനെ മത്സരിപ്പിക്കാൻ തയ്യാറായിട്ടില്ല. സി.പി.എമ്മിന്റെ മുതിർന്ന കൗൺസിലർമാരിൽ ഒരാളായിരുന്നു ശ്രീനിവാസൻ. മൂന്നു മുന്നണികൾക്കും വ്യക്തമായ സ്വാധീനമുള്ള ഡിവിഷൻ കൂടിയാണ് പുതൂർക്കര. സീറ്റ് നിലനിറുത്താൻ എൽ.ഡി.എഫ് ഇത്തവണ മത്സരിപ്പിക്കുന്നത് ജയശ്രീ കോലാത്തിനെയാണ്. യു.ഡി.എഫ് മേഫി ഡെൽസനെയും എൻ.ഡി.എ ഉഷ മരുതൂരിൽ കളത്തിലിറക്കി പ്രചാരണ രംഗം കൊഴുപ്പിക്കുന്നു.