തൃശൂർ: വിമതർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ പ്രഖ്യാപിച്ചതിന്റെ തുടർച്ചയായി ജില്ലയിലെ വിമതരെ ഒതുക്കി കോൺഗ്രസ്. വിവിധ തലങ്ങളിൽ വിമതരായി രംഗപ്രവേശം ചെയ്ത 20 പേർക്കെതിരെ നടപടി എടുക്കേണ്ടിവന്നതായി തൃശൂർ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ് പറഞ്ഞു.
വിമതരായ സ്ഥാനാർത്ഥികൾക്കെതിരെയാണ് നടപടിയെടുത്തത്. ഇവർക്കൊപ്പം പ്രചാരണത്തിനിറങ്ങിയ പ്രവർത്തകർക്ക് ഷോകോസ് നോട്ടീസ് നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ സജീവമായ സാഹചര്യത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകില്ലെന്നും വിൻസെന്റ് സൂചന നൽകി.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകരുടെയും അനുഭാവികളുടെയും പിന്തുണ തനിക്കാണെന്ന് കോൺഗ്രസ് മുൻ കൗൺസിലറും നെട്ടിശ്ശേരി ഡിവിഷനിലെ വിമത സ്ഥാനാർത്ഥിയുമായ എം.കെ. വർഗീസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് ഡിവിഷൻ കമ്മിറ്റി നിശ്ചയിച്ച പ്രകാരമാണ് 21ന് സ്ഥാനാർത്ഥിയായി പത്രിക നൽകിയത്. എന്നാൽ തന്നെ വെട്ടി 23ന് പുതിയ സ്ഥാനാർത്ഥിയെ ഡി.സി.സി പ്രഖ്യാപിക്കുകയായിരുന്നുവെന്നും വർഗീസ് പറഞ്ഞു.
ജനകീയ മുന്നണി സ്ഥാനാർത്ഥിയായാണ് എം.കെ. വർഗീസ് മത്സരിക്കുന്നത്. 28ന് കോൺഗ്രസിൽ നിന്ന് രാജി നൽകിയ ശേഷം തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്നാണ് വർഗീസിന്റെ ആരോപണം. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ഡിവിഷൻ പ്രസിഡന്റ് പി.എ. പീയൂസ്, മണ്ഡലം സെക്രട്ടറി യു. വിജയൻ, മുൻ ബൂത്ത് പ്രസിഡന്റ് പഴണിമല, തൃശൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.വി സുന്ദരൻ എന്നിവരും പങ്കെടുത്തു.
എം.കെ വർഗീസിന്റെ വാദങ്ങൾ:
നെട്ടിശ്ശേരിയിലെ ജനം അംഗീകരിക്കുന്ന സ്ഥാനാർത്ഥി.
കോൺഗ്രസ് വോട്ടുകൾ ഭിന്നിക്കില്ല.
തന്റെ ഭൂരിപക്ഷമായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ആകെ കിട്ടുന്ന വോട്ട്.
മത്സരം സി.പി.എമ്മും ഞാനും തമ്മിൽ
എം.പി വിൻസെന്റ് പറയുന്നത്:
എല്ലാവർക്കെതിരെയും നടപടിയെടുക്കാനാകില്ല.
വിമതർക്കൊപ്പം നടക്കുന്നവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു.