ആറ്റിങ്ങൽ: സംസ്ഥാന നാളികേര വികസന കോർപ്പറേഷന് കീഴിൽ ആറ്റിങ്ങൽ മാമത്ത് ആരംഭിച്ച നാളികേര കോംപ്ളക്സിന്റെ പ്രവർത്തനം അവതാളത്തിൽ. വിർജിൻ കോക്കനട്ട് ഓയിൽ ഉത്പാദന യൂണിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ താഴുവീണ സ്ഥാപനത്തിന്റെ പ്രവർത്തനം ഇളവുകൾ പ്രഖ്യാപിച്ചിട്ടും പുനരാരംഭിക്കാൻ നടപടി ആയില്ല. ഇക്കാര്യം അന്വേഷിച്ചാൽ ഇപ്പ ശര്യാക്കിത്തരാം എന്ന പഴയ സിനിമാ ഡയലോഗ് മാത്രമാണ് അധികൃതരുടെ മറുപടി. നഗരസഭയുടെ നികുതി കുടിശിക ഒടുക്കാൻ കഴിയാത്തതുൾപ്പെടെയുള്ള വിഷയങ്ങൾ കോംപ്ലക്സിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മാമത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വെളിച്ചെണ്ണ സംസ്കരണ കേന്ദ്രവും കടലാസിൽ ഒതുങ്ങി. നികുതി കുടിശികയുൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാതെയായിരുന്നു വെന്ത യൂണിറ്റിന്റെ ഉദ്ഘാടനം നടത്തിയത്. ഇതിന് ശേഷം കാര്യമായ പ്രവർത്തന പുരോഗതി ഉണ്ടായിയില്ല. 2019 മാർച്ചിൽ യൂണിറ്റിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചെങ്കിലും ആഴ്ചകൾക്കുള്ളിൽ വീണ്ടും നിലച്ചു.
വെളിച്ചെണ്ണ സംസ്കരണ കേന്ദ്രവും അവതാളത്തിൽ
മാമത്ത് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന വെളിച്ചെണ്ണ സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങണമെങ്കിൽ 4.5 കോടിയിലധികം രൂപ വേണം. യന്ത്റസാമഗ്രികൾക്കു മാത്രമായി 2.5 കോടിയോളം രൂപ ചെലവുണ്ട്. രണ്ട് കോടി രൂപ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അടുത്തിടെ ഒരു കോടി രൂപ കൂടി വകയിരുത്തി. എന്നാൽ പദ്ധതിക്കാവശ്യമായ തുക പൂർണമായി ലഭിക്കാതെ പ്രവർത്തനങ്ങൾ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. സമയത്ത് പണം ലഭിക്കാതെ വന്നാൽ പദ്ധതി പാതി വഴിയിലാകും. ബാക്കി തുക കൂടി ലഭ്യമായാൽ ഉടൻ സംസ്കരണ യൂണിറ്റ് ആരംഭിക്കുമെന്ന് അധികൃതർ പറയുന്നത്.
നാളികേര കോംപ്ലക്സ് പ്രവർത്തനം ആരംഭിച്ചത് 1980ൽ
1987 വരെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്നു
നഷ്ടത്തെ തുടർന്ന് 1995ൽ അടച്ചു.
2015ൽ വിർജിൻ കോക്കനട്ട് ഓയിൽ നിർമ്മാണ യൂണിറ്റ്
കുടിശിക അടയ്ക്കേണ്ടത്: 3,34,924 രൂപ
ജീവനക്കാർ ദുരിതത്തിൽ
വിർജിൽ കോക്കനട്ട് ഓയിൽ ഉത്പാദന യൂണിറ്റിൽ ഒരു സ്ഥിരം ജീവനക്കാരനും ഒരു കരാർ ജീവനക്കാരനും ഉൾപ്പെടെ 12 പേരാണ് ജോലി നോക്കിയിരുന്നത്. ഉത്പാദനം നിലച്ചതോടെ ഇവരുടെ വരുമാനമാർഗവും നിലച്ചു.