ന്യൂഡൽഹി: കണ്ണീർവാതകവും ജലപീരങ്കിയും ലാത്തിചാർജും തുടർന്നുള്ള രൂക്ഷസംഘർഷങ്ങളുമായി രക്തം ചൊരിയിച്ച നൂറു കണക്കിന് സമരങ്ങൾക്ക് രാജ്യതലസ്ഥാനം സാക്ഷിയായിട്ടുണ്ട്. എന്നാൽ തല്ലുന്നവനെ തലോടുന്ന അവന് ഭക്ഷണമൊരുക്കുന്ന ഒരുകൂട്ടം പ്രതിഷേധക്കാരെകൊണ്ടു നിറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഡൽഹി. ഡൽഹി ക്ക്ഒരുപക്ഷേ ഇതൊരു പുതിയ അനുഭവമാണ്. രാജ്യത്തെ ഊട്ടുക എന്ന തങ്ങളുടെ അടിസ്ഥാന ദൗത്യം ഈ പാവം കർഷകർ പ്രതിഷേധച്ചൂടിലും പാലിക്കുന്ന കാഴ്ചകൾ പലയിടങ്ങളിലും നമുക്ക് കാണാൻ കഴിയും. സായുധസേനയ്ക്ക് മുന്നിൽ അവർ മുന്നോട്ടു വയ്ക്കുന്ന ആയുധം നിശ്ചയദാർഢ്യം മാത്രമാണ്. മണ്ണിൽ പൊന്നുവിളയിക്കുന്ന പാരുപാകിയ മണ്ണിൽ പൊന്നുവിളയിക്കുന്ന അതേ ആത്മവിശ്വാസവും നിഷ്കളങ്കതയും പ്രതിഷേധിക്കാനെത്തിയ ഓരോ കർഷകരിലും കാണാം. രാജ്യതലസ്ഥാനത്തെ അതിശൈത്യത്തിലും മനുഷ്യത്വവും സഹാനുഭൂതിയും അടിവരയിടുന്നതാണ് വടക്കൻ ഡൽഹിയിലെ പ്രതിഷേധ ഭൂമി.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിന്ന് ട്രാക്ടറുകളിലും നടന്നുമായി തങ്ങളുടെ അവകാശം ചോദിച്ച് വാങ്ങാനെത്തിയവരാണ് പ്രതിഷേധക്കാർ. ഇരുട്ടായി തുടങ്ങുമ്പോൾ, അന്നത്തെ ഭക്ഷണം തയ്യാറാക്കലാണ് സമരക്കാരുടെ പ്രധാന ജോലി. ചപ്പാത്തിയും വിവിധയിനം പച്ചക്കറികൾ ഉൾപ്പെടുത്തിയ കറിയുമാണ് പ്രധാന ഭക്ഷണം.