കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമം കർഷകർക്ക് അനുഗുണമെന്നാണ് കേന്ദ്രസർക്കാരും അവരുടെ വാഴ്ത്തുപാട്ടുകാരും അവകാശപ്പെടുന്നത്.
എന്നാൽ, അങ്ങനെയല്ല കാര്യങ്ങൾ. കർഷകന്റെ ദുരിതം ഇരട്ടിയാക്കുകയാണ് ഈ നിയമം ചെയ്യുന്നത്. വൻകിട കോർപറേറ്റുകൾക്ക് കൊള്ളലാഭം കൊയ്യുന്നതിനുള്ള പഴുതുകളാണ് നിറയെയുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്തിൽ ഈ നിയമം നടപ്പാക്കിക്കഴിഞ്ഞു. അവിടെനിന്നുള്ള കർഷകരുടെ അനുഭവം കേന്ദ്രസർക്കാർ വാദത്തിന് കടകവിരുദ്ധമാണ്. ഈ അനുഭവങ്ങൾ സംബന്ധിച്ച വാർത്തകളും പുറത്തുവന്നശേഷമാണ് കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്തത്.
ഏജന്റിനെ ഒഴിവാക്കുന്നതിലൂടെ കർഷകർക്ക് കൂടുതൽ ഗുണമുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് ചിലർ അവകാശപ്പെടുന്നുണ്ട്. എന്നാൽ വസ്തുത അതല്ല. സാങ്കേതികമായി മാത്രമേ ഏജന്റുമാർ ഒഴിവാക്കപ്പെട്ടിട്ടുള്ളു.
പകരം അവരെ കർഷകരിൽനിന്നും നേരിട്ട് സാധനങ്ങൾ വാങ്ങുന്ന വ്യാപാരികൾ എന്ന വിശേഷണം നൽകുകയാണ് നിയമം ചെയ്തത്.
കർഷക കൂട്ടായ്മകളും എഫ്.പി.ഒകളും ഏജന്റുമാരുടെ പട്ടികയിലേക്ക് വരുകയും ചെയ്തു. ഫലത്തിൽ ചൂഷകർ അകത്തും സംരക്ഷകർ പുറത്തുമായി.