സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതുവരെ കാണാത്ത മഹാപോരാട്ടത്തിലാണ് ഇന്ത്യയിലെ കർഷകർ. ദില്ലി ചലോ എന്ന മുദ്രാവാക്യവുമായി ലക്ഷക്കണക്കിനു കർഷകർ രാജ്യതലസ്ഥാനത്തേക്കു സമരം ചെയ്തു നീങ്ങുമ്പോൾ, ആഴത്തിലുള്ള കിടങ്ങുകൾ തീർത്തും കൂറ്റൻ മുള്ളുവേലികളും ബാരിക്കേഡുകളും സ്ഥാപിച്ചും പ്രതിരോധം തീർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഗ്രനേഡും ജലപീരങ്കിയും നിറതോക്കുകളുമായി പൊലീസും സൈന്യവും അണിനിരന്നിരിക്കുന്നു. ലാൽ ബഹാദൂർ ശാസ്ത്രി വിളിച്ചുതന്ന ജയ് ജവാൻ ജയ് കിസാൻ മുദ്രാവാക്യം നമുക്ക് ഓർമ്മയുണ്ടല്ലോ. ആ ജവാന്മാരെയാണ് കർഷകർക്കുനേരെ അണിനിരത്തിയിരിക്കുന്നത്. രാജ്യത്തെ കാർഷിക മേഖലയുടെ പരിഷ്കരണത്തിനുവേണ്ടി എന്ന വ്യാജേന കേന്ദ്ര സർക്കാർ ഏകപക്ഷീയമായി കൊണ്ടുവന്ന മൂന്ന് കരിനിയമങ്ങളുണ്ട്. ഇന്ത്യൻ കർഷകരുടെ ശവക്കുഴി തോണ്ടുന്നതിനു മാത്രമേ ഈ കരിനിയമങ്ങൾ ഉപകരിക്കൂ. ചോര നീരാക്കി, കിടപ്പാടം പോലും പണയപ്പെടുത്തി ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾക്ക് താങ്ങുവില ലഭിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. ഇന്ത്യയിൽ ആദ്യമായി 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ചത് കേരളത്തിലാണ്. അന്തസോടും ആത്മാഭിമാനത്തോടും കൂടി ജീവിക്കുക എന്നത് ഓരോ കർഷകന്റെയും അവകാശമാണ്.