ഇന്ത്യയിൽ രാഷ്ട്രീയക്കളികൾ ഏറ്റവും നന്നായി അറിയാവുന്ന രണ്ടു നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വലംകൈയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത്ഷായും ആണ്. പക്ഷേ ഇവർക്ക് ഇനിയും തീരെ പിടികിട്ടാത്തതാണ് പഞ്ചാബിലെ അകാലി രാഷ്ട്രീയം.
പഞ്ചാബിലെ റാലികളിൽ ഇരുവരും സിക്കുകാരുടെ തലപ്പാവ് വരെ ധരിച്ചു. കാവി നിറമായിരുന്നെന്നു മാത്രം. പക്ഷേ സിക്കുകാർ വീണില്ല!
കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിൽ (2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പും) ശിരോമണി അകാലി ദൾ സഖ്യകക്ഷിയായിരുന്നിട്ടും ബി.ജെ.പിക്ക് നേട്ടമുണ്ടായില്ല. ഉത്തരേന്ത്യയിൽ ബി.ജെ.പിയെയും മോദി തരംഗത്തെയും ചെറുത്തുനിന്ന ഏക സംസ്ഥാനം പഞ്ചാബാണ്. ബി.ജെ.പിയുടെ ഹിന്ദു വോട്ട് ബാങ്കും അകാലികളുടെ ജാട്ട്, സിക്ക് വോട്ട് ബാങ്കും പരസ്പരം സഹകരിച്ചില്ലെന്നാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധർ കണ്ടെത്തിയത്.
അകാലികൾ വോട്ട് ചെയ്യാത്തതുകൊണ്ടാണ് അമൃത്സറിൽ 2014ൽ അരുൺ ജയ്റ്റ്ലിയും 2019ൽ ഹർദീപ് സിംഗ് പുരിയും തോറ്റത്. 2017 അസംബ്ലി തിരഞ്ഞെടുപ്പിലും ഇതുതന്നെ സംഭവിച്ചു. എന്നിട്ടും ബി.ജെ.പിക്ക് അകാലി രാഷ്ട്രീയം പിടികിട്ടാത്തതിന്റെ ഫലമാണ് അകാലിദളിന് കാർഷിക നിയമങ്ങളുടെ പേരിൽ എൻ.ഡി.എ വിടേണ്ടിവന്നത്. തങ്ങളുടെ മന്ത്രി ഹർസിമ്രത് കൗർ ബാദലിനെ അകാലിദാൾ പിൻവലിച്ചെങ്കിലും പാർട്ടിയുടെ വോട്ട് ബാങ്കായ കർഷകർ തൃപ്തിപ്പെട്ടില്ല.
സംസ്ഥാന മുന്നണിയിൽ ജൂനിയർ പങ്കാളിയായി ഒതുങ്ങിനിന്ന ബി.ജെ.പി കേന്ദ്രത്തിൽ മാടമ്പി മനോഭാവം കാട്ടി. ഹർസിമ്രത് കൗറിനെ ഭക്ഷ്യ സംസ്കരണ വകുപ്പിലൊതുക്കിയ ബി.ജെ.പി അകാലികളുടെ പല ആവശ്യങ്ങളും കേട്ടില്ലെന്നു നടിച്ചു.
കാർഷിക നിയമങ്ങളോട് പഞ്ചാബിൽ ഇത്രയും രോഷമുണ്ടാകാൻ കാരണങ്ങൾ പലതാണ്. പഞ്ചാബി ജനതയുടെ സിക്ക് വീര്യവും ആത്മാഭിമാനവുമാണ് പ്രധാനം.
കർഷക ഭൂരിപക്ഷമുള്ള സിക്കുകാരെ മോദി സർക്കാർ ഒരിക്കലും വിശ്വാസത്തിലെടുത്തില്ല. മോദി രഥത്തിന്റെ വർഗീയചക്രമായ ഹൈന്ദവ ധ്രുവീകരണം പഞ്ചാബിൽ ഏശിയില്ല. ബി.ജെ.പിയുടെ ഹൈന്ദവ ധ്രുവീകരണമെന്നാൽ ഹിന്ദു- മുസ്ളിം വേർതിരിവെന്നാണ് അർത്ഥം. പഞ്ചാബിൽ അതിനു പ്രസക്തിയില്ല.
പഞ്ചാബിലെ സിക്ക് ജനതയെ ഹിന്ദുക്കളായാണ് ആർ.എസ്.എസും ബി.ജെ.പിയും കണ്ടത്. മുൻ സർസംഘചാലക് ബാലാസാഹെബ് ദേവറസിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട് - സിക്കുകാരെല്ലാം കേശധാരികളായ (മുടി വളർത്തിയ) ഹിന്ദുക്കളാണെന്ന്. സിക്ക് വീര്യത്തിന്റെ പിതൃത്വം അവകാശപ്പെട്ട കൊടിയ ഭീകരൻ ഭിന്ദ്രൻ വാല അതിനെ നിശിതമായി പരിഹസിച്ചത് ഇങ്ങനെ: 'അപ്പോൾ മുസ്ളിങ്ങൾ 'സുന്നത്ത് ധാരി"കളായ ഹിന്ദുക്കളാണെന്നും ദേവറസ് പറയുമോ?' പഞ്ചാബിലെ മുസ്ളിം ന്യൂനപക്ഷം പത്താമത്തെ ഗുരുവായ ഗുരു ഗോബിന്ദ് സിംഗിന്റെ കാലം മുതൽ സിക്കുകാരുടെ ആദരവും സംരക്ഷണവും അനുഭവിക്കുന്നവരാണ്. ഗുരുവിന്റെ പുത്രന്മാരെ ഔറംഗസേബിൽ നിന്ന് രക്ഷിച്ചതിന്റെ നന്ദിയാണത്. അപ്പോൾ ഹിന്ദു- മുസ്ളിം ധ്രുവീകരണത്തിനുള്ള സാദ്ധ്യത തന്നെ ഇല്ലാതായി. ഹിന്ദുക്കളും സിക്കുകാരും വിരലും നഖവും പോലെ ഒരു ശരീരത്തിന്റെ ഭാഗമാണെന്നൊക്കെ ഒരു ചൊല്ലുണ്ട്. പക്ഷേ സിക്കുകാർ ഒരിക്കലും ഹിന്ദുക്കളല്ല. അവരെ ഹിന്ദുത്വവാദം ഏശുകപോലുമില്ല. അത് അവരെ സ്വാധീനിച്ചിരുന്നെങ്കിൽ സർവ പ്രതാപങ്ങളോടെ മൂന്നു തിരഞ്ഞെടുപ്പുകളെ നേരിട്ട മോദിയെ പഞ്ചാബ് തള്ളിക്കളയില്ലായിരുന്നു.