ന്യൂഡൽഹി: ഒരു ദിവസംകൊണ്ട് പൊട്ടിമുളച്ചതല്ല, രണ്ടുമാസത്തിലേറെയായി ഉത്തരേന്ത്യയിൽ ശക്തമായി തുടരുന്ന കർഷക സമരത്തിന്റെ തീവ്രമുഖമാണ് രാജ്യതലസ്ഥാനം ഇപ്പോൾ കാണുന്നത്. ബാരിക്കേഡുകളും മുള്ളുവേലികളും മറികടന്ന് ഡൽഹി അതിർത്തിയിലെത്തിയ കർഷകവീര്യം കേന്ദ്രസർക്കാരിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.
ഒരു മാസത്തിലെറെ മുൻപ് പ്രഖ്യാപിച്ചതാണ് ഇപ്പോൾ ഏഴ് ദിവസം പിന്നിട്ട ദില്ലി ചലോ സമരം. അഖിലേന്ത്യ കിസാൻ സഭ ഉൾപ്പെട്ട ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന് പിന്തുണയുമായി പഞ്ചാബിലെ 32 കർഷക സംഘടനകളും ഇരുനൂറോളം കർഷക സംഘടനകളുടെ കൂട്ടായ്മയായ രാഷ്ട്രീയ കിസാൻ മഹാസംഘും ചേർന്നതോടെ അതിശക്തമാവുകയായിരുന്നു. കൂടുതൽ കർഷക സംഘടനകൾ പിന്തുണച്ചതോടെ സംയുക്ത കിസാൻ മോർച്ചയെന്ന സമിതി രൂപീകരിച്ചാണ് ഇപ്പോൾ സമരം.
പുതിയ കാർഷിക നിയമങ്ങൾ കൊവിഡ് കാലത്ത് ഓർഡിനൻസായിറക്കിയത് മുതൽ കർഷകർ ആശങ്കയറിയിച്ചിരുന്നു. ഓർഡിനൻസ് ബില്ലായി സെപ്തംബറിലെ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കർഷകർ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധങ്ങളെ മറികടന്ന് വേഗത്തിൽ ഓർഡിനൻസിന്റെ ബില്ല് കേന്ദ്രം പാസാക്കിയെടുത്തു. അതോടെ പഞ്ചാബിലും ഹരിയാനയിലും കർഷകരോഷം ആളിക്കത്തി.
ഗാന്ധിജയന്തിദിനത്തിൽ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കർഷകപ്രക്ഷോഭം നടന്നു. രാജ്യത്തെ ചന്തകളിലും താലൂക്കുകളിലും ജില്ല-ബ്ലോക്ക് തലങ്ങളിലുമായി മിനിമം താങ്ങുവില അവകാശദിനം ആചരിച്ചു. ഗ്രാമീണ ഹർത്താൽ, റോഡ് തടയൽ, ട്രെയിൻ തടയൽ തുടങ്ങി നിരവധി സമരങ്ങൾ പഞ്ചാബ്, ഹരിയാന എന്നിവയ്ക്ക് പുറമെ ഒഡിഷ, മഹാരാഷ്ട്ര, യു.പി, മദ്ധ്യപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അരങ്ങേറി. പഞ്ചാബിൽ ദസറ ആഘോഷദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ വീട് ഉപരോധിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പഞ്ചാബിലും ഹരിയാനയിലുമായി വമ്പൻ ട്രാക്ടർ റാലിയും നടന്നു.
അതിനിടെ പഞ്ചാബ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കേന്ദ്രനിയമത്തിനെതിരെ പ്രത്യേക കർഷക നിയമം പാസാക്കി.
പഞ്ചാബിൽ ട്രെയിൻ തടയൽ സമരം ഒന്നരമാസമാണ് നീണ്ടുനിന്നത്. സെപ്തംബർ 24 മുതൽ മൂന്ന് ദിവസത്തേക്കായിരുന്നു ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് നീട്ടുകയായിരുന്നു. ചരക്ക് ഗതാഗതത്തെയും സാരമായി ബാധിച്ചതോടെ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ അഭ്യർത്ഥനയെ തുടർന്ന് താത്കാലികമായി സമരം നിറുത്തി.
പുതിയ കാർഷിക ബില്ലുകൾ സെപ്തംബറിലാണ് ലോക്സഭയും രാജ്യസഭയും പാസാക്കിയത്. ആദ്യ രണ്ടു ബില്ലുകൾ സെപ്തംബർ 24നും അവശ്യസാധന ഭേദഗതി ബിൽ 26നുമാണ് രാഷ്ട്രപതി ഒപ്പിട്ടത്.ആദ്യത്തെ രണ്ടുബില്ലുകൾ സെപ്തംബർ 20നും അവശ്യസാധനഭേദഗതി ബില്ല് 22നുമാണ് പാർലമെന്റ് പാസാക്കിയത്.
പ്രതിപക്ഷത്തിന്റെ വോട്ടെടുപ്പ് ആവശ്യം അംഗീകരിക്കാതെയാണ് രാജ്യസഭയിൽ ബിൽ പാസാക്കിയത്. ഭരണഘടനാവിരുദ്ധമായി പാസാക്കിയ കാർഷിക ബില്ലുകളിൽ ഒപ്പിടരുതെന്നും മടക്കി അയയ്ക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു. എന്നാൽ പ്രതിഷേധങ്ങൾക്കിടെ രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടു.