തിരുവനന്തപുരം: '' ഇന്ന് കടലിൽ പോകരുതെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നിട്ടും കുറച്ചുപേർ ഇവിടെ നിന്നും പോയി ''- ജറോംദാസ് കടലിനെ നോക്കി പറഞ്ഞു. തൊട്ടപ്പുറത്തു നിന്നിരുന്ന ജോസിന്റെ പ്രതികരണം '' കുഴപ്പുമൊന്നും ഇല്ലാതിങ്ങ് എത്തിയാൽ മതിയായിരുന്നു...'' '' അതെ, നമ്മുടെ സഹോദരങ്ങളല്ലേ ചിലർക്ക് കടലിൽ പോകാതിരിക്കാനും കഴിയില്ല...'' ''ഇപ്പോൾ കുഴപ്പമൊന്നും ഇല്ല. അല്ലെങ്കിലും സർക്കാർ പറയുമ്പോഴല്ലല്ലോ കാറ്റുവീശുന്നത്..'' വിഴിഞ്ഞത്തു നിന്നും 9 കിലോമീറ്റർ ദൂരെയുള്ള അടിമലത്തുറ കടൽത്തീരത്തിരുന്ന് ആശങ്ക പങ്കുവയ്ക്കുന്ന ജറോംദാസ് കോട്ടുകാൽ പഞ്ചായത്ത് അടിമലത്തുറ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ്. ജോസാകട്ടെ അതേ വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയും. തിരഞ്ഞെടുപ്പ് ഗോദയിൽ അങ്ങോട്ടുമിങ്ങോട്ടും ആരോപണ പ്രത്യാരോപണങ്ങളുമായി സജീവമാകുമ്പോഴും കടലിന്റെ മക്കളുടെ കാര്യത്തിൽ രണ്ടുപേർക്കും ഒരേമനസാണ്. മത്സ്യത്തൊഴിലാളികളായ അവരുടെ ജീവിതത്തിന്റെ കാര്യത്തിൽ ഒരേ ആശങ്കയാണ്. ഇന്നലെ മുതൽ മൂന്നു ദിവസം കടൽപ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പുണ്ടായ സാഹചര്യത്തിലാണ് ഇവർ കടപ്പുറത്തെത്തിയത്. 53 കാരനായ ജറോംദാസ് ഏഴാം ക്ലാസുമുതലും 40 കാരനായ ജോസ് ഒമ്പതാം ക്ലാസിലുമാണ് കടലിൽ പോയി തുടങ്ങിയത്. ജോസ് ഇടയ്ക്ക് ഓട്ടോറിക്ഷ ഓടിക്കാനും പോകും. രണ്ടുപേരുടെയും കന്നി മത്സരമാണ്. സി.പി.എം കോട്ടുകാൽ എൽ.സി അംഗമായ ജറോംദാസ് ചൊവ്വര മത്സ്യതൊഴിലാളി സഹകരണസംഘത്തിന്റെ പ്രസിഡന്റുകൂടിയാണ്. 1998 മുതൽ ബി.ജെ.പി പ്രവർത്തകനാണ് ജോസ്. മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ ഐക്യമുണ്ടെങ്കിലും രാഷ്ട്രീയം പറഞ്ഞാൽ ഇരുവരും തെറ്റും. സംസ്ഥാന സർക്കാറിന്റേത് മികച്ച ഭരണമാണെന്നും പാവപ്പെട്ടവർക്ക് വീട് നൽകിയത് ഉൾപ്പെടെ നിരവധി ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കിയെന്നുമാണ് ജറോംദാസ് പറയുന്നത്. എന്നാൽ കേന്ദ്രസർക്കാരിന്റെ നിരവധി വികസന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ ജനങ്ങളിലേക്ക് എത്തിച്ചില്ലെന്നും എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിച്ച് ജനങ്ങളെ പറ്റിക്കുകയാണെന്നുമാണ് ജോസിന്റെ വാദം. കഴിഞ്ഞ തവണ യു.ഡി.എഫ് ജയിച്ച വാർഡിൽ ഇത്തവണ പൗലോസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.