തിരുവനന്തപുരം: മുൻ മന്ത്രിമാർക്ക് എതിരായ വിജിലൻസ് അന്വേഷണത്തിൽ തീരുമാനം എടുക്കുന്നതിന് മുന്നോടിയായി സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചു. ഇബ്രാഹിം കുഞ്ഞ്, കെ ബാബു, വി എസ് ശിവകുമാർ തുടങ്ങിയവർക്ക് എതിരായ അന്വേഷണത്തിന്റെ സർക്കാർ ഫയലുകളാണ് ഇപ്പോൾ ഗവർണറുടെ മുന്നിലുളളത്.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ച് അറിയുന്നതിന് വേണ്ടിയാണ് ഗവർണർ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചിരിക്കുന്നത്. നിലവിൽ വിജിലൻസ് ഡയറക്ടർ അവധിയിലാണ്. തിരുവനന്തപുരത്ത് അദ്ദേഹം നാളെ തിരികെയെത്തുമെങ്കിലും ഏഴാം തീയതിയോടെ മാത്രമേ അദ്ദേഹം ഓഫീസിലേക്ക് എത്തുകയുളളൂ. ഇതിനുശേഷമേ അദ്ദേഹം ഗവർണറെ കാണുകയുളളൂവെന്നാണ് സൂചന.
ഇന്നലെ രമേശ് ചെന്നിത്തലയ്ക്ക് എതിരായ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിരുന്നു. ചെന്നിത്തലയ്ക്ക് എതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. സ്പീക്കറിന്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന് എതിരായ അന്വേഷണത്തിൽ സർക്കാർ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങും.