ചങ്ങനാശേരി: കൊവിഡ് വ്യാപനത്തിനിടയിലും ക്രിസ്മസിനെ വരവേല്‍ക്കാന്‍ വിപണിയൊരുങ്ങുന്നു. കടകളില്‍ നക്ഷത്രങ്ങളും പുല്‍ക്കൂടും അലങ്കാര വിളക്കുകളും നിരന്നു കഴിഞ്ഞു. എന്നാൽ വാങ്ങാന്‍ എത്തുന്നവരുടെ വലിയ തിരക്കില്ല.
കൊവിഡ് കാലത്ത് എത്രമാത്രം വിൽപ്പന ഉണ്ടാകുമെന്ന് അറിയില്ലാത്തതിനാൽ പുതു ട്രെന്‍ഡുകളും പുത്തന്‍ സ്റ്റോക്കും അധികം എത്തിയിട്ടില്ല. എങ്കിലും എല്‍. ഇ.ഡി ലൈറ്റുകള്‍ ഘടിപ്പിച്ച ക്രിസ്മസ് പാപ്പായുടെ മുഖാവരണങ്ങളാണ് ഈ വർഷത്തെ പുതുമ.
കടലാസ് നക്ഷത്രങ്ങളേക്കാൾ എല്‍. ഇ.ഡി സ്റ്റാറുകള്‍ക്കാണ് ഇത്തവണയും ഡിമാന്‍ഡ് . വലിപ്പവും ടൈപ്പും അനുസരിച്ചാണ് ഇവയുടെ വില. ചെറുതും വലുതുമായ നക്ഷത്രങ്ങള്‍, പുല്ക്കൂടുകൾ, ക്രിസ്മസ് ട്രീകൾ, അതിന്റെ അലങ്കാരങ്ങള്‍, ലൈറ്റുകള്‍, ബലൂണുകള്‍, തൊപ്പികള്‍ തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ട്.
കൊവിഡ് മൂലം കരോള്‍, ക്രിസ്മസ് മത്സരങ്ങള്‍, പള്ളികളിലെ ആഘോഷങ്ങള്‍ തുടങ്ങിയവ ഇല്ലാത്തത് വിപണിയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. എങ്കിലും വരുംദിവസങ്ങളില്‍ കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.
എല്‍. ഇ.ഡിക്ക് പ്രിയം
ബട്ടര്‍ കോട്ടിംഗ് സ്റ്റാറുകള്‍ക്ക് 70 രൂപ മുതല്‍ 450 വരെ വിലയുണ്ട്. എല്‍.ഇ.ഡി സ്റ്റാറുകള്‍ക്ക് 170 മുതല്‍ 480 രൂപവരെ നൽകണം. എല്‍.ഇ.ഡി ലൈറ്റുകള്‍ക്ക് 100 മുതല്‍ 1250 രൂപ വരെ. എട്ട് ഡിസൈന്‍, 12 ഡിസൈന്‍ വരെ ലേസര്‍ ടൈപ്പുമുണ്ട്. പുല്ക്കൂടുകള് 450 രൂപയ്ക്കും ക്രിസ്മസ് ട്രീകള്‍ 550, 900, 4000 എന്നീ വിലയ്ക്കും ലഭിക്കും.
'പുതിയ സ്റ്റോക്ക് രണ്ടു ദിവസത്തിനകം വരും. മുന്‍ വര്‍ഷങ്ങളെപ്പോലെ ഇല്ലെങ്കിലും വാങ്ങാൻ ആളുകള്‍ എത്തുന്നുണ്ട്. മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി ക്രിസ്മസ് കച്ചവടം നടത്തുന്നു. വരും ദിവസങ്ങളില്‍ കച്ചവടം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ."
സിബിച്ചന്, കച്ചവടക്കാരന്