ചങ്ങനാശേരി: നഗരസഭ 15-ാം വാർഡ് സ്ഥാനാർത്ഥി ഷഹാന പാഷ തന്റെ നേതാവായ മുല്ലപ്പള്ളിയെ കാണണമെന്ന ആഗ്രഹത്തിലിരിക്കുമ്പോഴാണ് സ്കൂട്ടറിൽ നിന്നു വീണു പരിക്കേറ്റത്. കൊവിഡ് മാനദണ്ഡം പാലിച്ച് സ്കൂട്ടറിൽ ഒറ്റക്ക് പ്രചാരണം നടത്തുമ്പോഴായിരുന്നു അപകടം.
ഇക്കഴിഞ്ഞ 28ന് ഉച്ചയോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മലേക്കുന്ന് ഭാഗത്ത് സഞ്ചരിക്കുമ്പോൾ സ്കൂട്ടർ ഗട്ടറിൽ ചാടി മറിയുകയായിരുന്നു. വീഴ്ചയിൽ കൈയ്ക്ക് പരിക്കേറ്റ് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. വിശ്രമം വേണമെന്നായിരുന്നു ഡോക്ടറുടെ നിർദേശം. അതിനിടെയാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യു.ഡി.എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യാനായി ചങ്ങനാശേരിയിൽ എത്തിയത്. പ്രിയ നേതാവിനെ കാണാനുള്ള ആഗ്രഹത്തിൽ പരിക്കുകൾ വകവയ്ക്കാതെ ഷഹാന കൺവെൻഷനു വന്നു. വിവരമറിഞ്ഞ മുല്ലപ്പള്ളി രാമചന്ദ്രൻ ഷഹാനയെ പ്രത്യേകമായി കണ്ട് ആശംസ അർപ്പിച്ച ശേഷമാണ് മടങ്ങിയത്.
ജയിച്ചാൽ തന്നെ വീഴ്ത്തിയ ഗട്ടറുകൾ ഷഹാന റോഡിൽ നിന്ന് ഇല്ലാതാക്കുമോ എന്നാണ് വോട്ടർമാർക്ക് ഇനി അറിയാനുള്ളത്.