റിയാദ്: കൊവിഡ് വാക്സിൻ ലഭ്യമാകുന്നത് വരെ ഹജ്ജ് തീർത്ഥാടനത്തിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി നൂറുൽ ഹഖ് ഖാദിരി വ്യക്തമാക്കി. ആളുകളുടെ എണ്ണം പരമാവധി നിയന്ത്രിച്ച് മാത്രമേ വാക്സിൻ സാർവത്രികമായി ലഭ്യമാകുന്നതു വരെ തീർത്ഥാടനം സാദ്ധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മൂലം വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെ ഹജ്ജ് കർമ്മത്തിൽ പങ്കെടുപ്പിക്കുന്നത് അസാദ്ധ്യമാണ്. വാക്സിൻ ലഭ്യമായാലുടൻ പഴയരീതിയിലേക്ക് തിരിച്ചുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഹജ്ജിന് പങ്കെടുക്കുന്നതിന് മുമ്പ് ഓരോരുത്തരും നിശ്ചിത ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും അതിന് ശേഷം രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്തവർ മാത്രമേ തീർത്ഥാടനത്തിൽ പങ്കെടുക്കാവൂ എന്നും മന്ത്രി വ്യക്തമാക്കി. ഹജ്ജ് സബ്സിഡിയുടെ കാര്യത്തിൽ ഇതുവരെ സർക്കാർ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.