കാൻബറ: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് ആശ്വാസജയം. 13 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങൾ ജയിച്ച ഓസ്ട്രേലിയ 2-1ന് പരമ്പര സ്വന്തമാക്കിയെങ്കിലും പരിപൂർണ അടിയറവ് പറയാൻ അനുവദിക്കാതെ ടീം ഇന്ത്യ ഇന്ന് ജയിച്ചുകയറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 302 റൺസാണ് നേടിയത്. ഒരു ഘട്ടത്തിൽ 150 റൺസിന് 5 വിക്കറ്റുകൾ നഷ്ടമായ നിലയിൽ പരുങ്ങിയ ഇന്ത്യയെ ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേർന്ന മികച്ച കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 150 റൺസ് നേടി.
ആറാം ഓവറിൽ 26 റൺസിൽ നിൽക്കെ ഇന്ത്യക്ക് ശിഖർ ധവാനെ നഷ്ടമായി. തുടർന്ന് മയാങ്ക് അഗർവാളിന് പകരം പ്ളെയിംഗ് ഇലവനിൽ ഇടം നേടിയ ശുഭ്മാൻ ഗിൽ കോലിയുമായി ചേർന്ന് പൊരുതിയെങ്കിലും വൈകാതെ പുറത്തായി(33), ശ്രേയസ് അയ്യർ(19), കെ.എൽ. രാഹുൽ(5) എന്നിവരും അതിന് പിന്നാലെ നായകൻ കോഹ്ലിയും 78 പന്തുകളിൽ നിന്ന് 63 റൺസ് നേടി മടങ്ങിയതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി.
തുടർന്നായിരുന്നു പാണ്ഡ്യയും ജഡേജയും ചേർന്നുളള കൂട്ടുകെട്ട്. പാണ്ഡ്യ 76 പന്തിൽ 92 റൺസ് നേടി. ഏഴ് ഫോറുകളും ഒരു സിക്സിന്റെയും അകമ്പടിയോടെ 92 റൺസ് നേടി. ജഡേജ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും പായിച്ച് 50 പന്തിൽ 66 റൺസ് നേടി. ഇന്നത്തെ മത്സരത്തോടെ അതിവേഗം 12,000 റൺസ് നേടുന്ന കളിക്കാരൻ എന്ന സച്ചിന്റെ റെക്കോർഡ് കോഹ്ലി മറികടന്നു. 242 ഏകദിനങ്ങളിൽ നിന്നാണ് കോഹ്ലിയുടെ ഈ നേട്ടം.
തുടർന്ന് ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഓപ്പണറായെത്തിയ ലബുഷൈനിന്റെ(7) വിക്കറ്റ് ആദ്യമേ നഷ്ടമായി. അരങ്ങേറ്റ താരം ടി നടരാജനാണ് ലബുഷൈനെ പുറത്താക്കിയത്. നടരാജൻ മത്സരത്തിൽ പത്ത് ഓവറിൽ 70 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ നേടി. തുടർന്ന് വൈകാതെ ഓസ്ട്രേലിയയ്ക്ക് സൂപ്പർതാരം സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് നഷ്ടമായി. 7 റൺസായിരുന്നു സ്മിത്തിന്റെയും സ്കോർ. സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശാർദ്ദുൽ ധാക്കൂർ മൂന്ന് വിക്കറ്റുകൾ നേടി ഓസ്ട്രേലിയൻ ബാറ്റിംഗ് നിരയെ തകർത്തു. 38 പന്തിൽ 59 റൺസ് നേടി വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത മാക്സ് വെല്ലിനെ ബുംറ പുറത്താക്കി. വൈകാതെ 3 പന്ത് ബാക്കി നിൽക്കെ 289 ന് ഓസ്ട്രേലിയൻ പോരാട്ടം അവസാനിച്ചു.