വാഷിംഗ്ടൺ: തന്റെ ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി പ്രശസ്ത ഹോളിവുഡ് താരം എലിയറ്റ് പേജ്. ഇനി മുതൽ താൻ 'അവൾ' അല്ല 'അവൻ' ആണെന്ന് വെളിപ്പെടുത്തിയിക്കുകയാണ് താരം. സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് എലിയറ്റിന്റെ വെളിപ്പെടുത്തൽ. തന്റെ പേര് മാറ്റിയതിനെക്കുറിച്ചും എലിയറ്റ് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. നേരത്തെ എലൻ പേജ് എന്നായിരുന്നു എലിയറ്റിന്റെ പേര്.എക്സ് മെൻ സീരിസ്, ഇൻസെപ്ഷൻ, ജൂണോ, ടെലിവിഷൻ സീരിസായ അംബ്രല്ല അക്കാഡമി എന്നിവയിലൂടെ 33 കാരനായ എലിയറ്റിന്റെ അഭിനയമികവ് ലോകമറിഞ്ഞതാണ്. ജൂണോയിലെ അഭിനയത്തിന് ഓസ്കർ നാമനിർദ്ദേശവും ലഭിച്ചിരുന്നു. താരത്തിന്റെ പങ്കാളിയും കൊറിയോഗ്രാഫറുമായ എമ്മ പോർട്ണർ അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്. 2018ലാണ് ഇവർ വിവാഹിതരായത്. വെളിപ്പെടുത്തലിന് പിന്നാലെ താരത്തിന്റെ എല്ലാ ഔദ്യോഗിക പേജുകളിലും വിക്കിപീഡിയ പേജുകളിലും 'നടൻ' എന്നാക്കിയിട്ടുണ്ട്.
എലിയറ്റിന്റെ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ
സുഹൃത്തുക്കളെ, ഞാനൊരു ട്രാൻസാണെന്ന് നിങ്ങളെ അറിയിക്കുകയാണ്. അവൻ, അവർ എന്നാണ് ഇനി എന്നെ അഭിസംബോധന ചെയ്യേണ്ടത്. എന്റെ പേര് എലിയറ്റ് എന്നാണ്. ഇത് എഴുതാൻ കഴിഞ്ഞതിലും ഇവിടെ നിൽക്കാൻ സാധിക്കുന്നതിലും ഞാൻ ഭാഗ്യവാനാണ്. ഇങ്ങനെ എഴുതാൻ എന്നെ പ്രാപ്തനാക്കിയ, പിന്തുണ നൽകിയ എല്ലാവർക്കും നന്ദി. എന്റെ യഥാർത്ഥ അസ്തിത്വത്തെ തിരിച്ചറിയാനും അത് ആശ്ലേഷിക്കാനും കഴിയുമ്പോഴുള്ള അനുഭവം വാക്കുകളിൽ വിവരിക്കാൻ കഴിയില്ല.ഞാനൊരു ട്രാൻസ് ആണെന്നത് ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ ആരാണെന്നതിനെ പൂർണമായും അംഗീകരിച്ച്, ആ തിരിച്ചറിവോടെ കൂടുതൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്നു. ഓരോ ദിവസവും സമൂഹത്തിൽ അധിക്ഷേപിക്കപ്പെടുകയും അതിക്രമങ്ങൾക്ക് ഇരയാവുകയും ചെയ്യുന്ന എല്ലാ ട്രാൻസ് വ്യക്തികളോടും ഒരു കാര്യം പറയട്ടെ – നിങ്ങളെ ഞാൻ സ്നേഹിക്കുന്നു... എനിക്ക് സാദ്ധ്യമായ എല്ലാം ഞാൻ നിങ്ങൾക്കു വേണ്ടി ചെയ്യും.