ഇരിട്ടി: യു.ഡി.എഫിന്റെ ഉറച്ച കോട്ടയാണ് ഉളിക്കൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. അതുകൊണ്ട് തന്നെയാണ് അവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥി ലിസി ജോസഫിനെ ഇവിടെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞതവണത്തെ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് വർഗീസ് ഉളിക്കൽ ഡിവിഷനിൽ 6675 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. തങ്ങളുടെ ഈ ഉറച്ച കോട്ടയ്ക്ക് ഒരു വിള്ളലും വീണിട്ടില്ല എന്ന് യു.ഡി.എഫ് പറയുമ്പോൾ അയ്യൻകുന്ന്, ഉളിക്കൽ മേഖലയിലെ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ശക്തി യു.ഡി.എഫ് കോട്ടയ്ക്ക് വിള്ളൽ വീഴ്ത്തിയതായി എൽ.ഡി.എഫ് പറയുന്നു.
ഉളിക്കൽ പഞ്ചായത്തിലെ 15 വാർഡുകളും പായം പഞ്ചായത്തിലെ 16 വാർഡുകളും അയ്യൻകുന്ന് പഞ്ചായത്തിലെ 13 വാർഡുകളും പടിയൂർ പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടുന്നതാണ് ഉളിക്കൽ ഡിവിഷൻ.
യു.ഡി എഫ് സ്ഥാനാർത്ഥിയായ ലിസി ജോസഫ്.ഡി.സി.സി സെക്രട്ടറി, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി, കേളകം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കേളകം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൽ.ഡി.എഫ് സ്ഥാനാത്ഥി അഡ്വ.കെ.പി ഷിമ്മി, തലശ്ശേരി കോടതിയിലെ അഭിഭാഷകയാണ്. കേരള മഹിളാസംഘം ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗവും സി.പി.ഐ ഉളിക്കൽ ബ്രാഞ്ചംഗവുമാണ്. എൻ.ഡി.എയ്ക്ക് വേണ്ടി ജനവിധി തേടുന്നത് ടി. സ്വപ്നയാണ്. ബി.ജെ.പിയുടെ ഉളിക്കൽ മണ്ഡലം സെക്രട്ടറിയാണ്. മഹിളാ മോർച്ച ഇരിക്കൂർ മണ്ഡലം മുൻ.പ്രസിഡന്റുമായിരുന്നു.
ഇടതു മുന്നണി സർക്കാറിന്റെ അഴിമതി, സ്വർണ്ണക്കടത്ത്, ദുർഭരണം എന്നിവ പ്രചാരണ വിഷയമാക്കി യു.ഡി.എഫ്, എൻ.ഡി.എ കക്ഷികൾ വോട്ടർമാരെ കാണുമ്പോൾ സംസ്ഥാന സർക്കാറിന്റെ വികസന പദ്ധതികളും ക്ഷേമപെൻഷൻ ഉൾപ്പെടെയുള്ള ക്ഷേമ പ്രവർത്തനങ്ങളുമാണ് എൽ.ഡി.എഫ് വോട്ടർമാരുടെ മുമ്പാകെ വയ്ക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും പരമാവധി വോട്ടർമാരെ നേരിൽകണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ തവണത്തെക്കൾ ഇത്തവണ ഭൂരിപക്ഷം വർദ്ധിക്കും എന്ന് പറയുമ്പോൾ എൽ.ഡി.എഫ് അട്ടിമറി വിജയ പ്രതീക്ഷയിലാണ്. എൻ.ഡി.എ കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ ശക്തി തെളിക്കാനുള്ള ഒരുക്കത്തിലാണ്.
2015ലെ വോട്ടു നില.
യു.ഡി.എഫ് 23337
എൽ.ഡി.എഫ് 16662
എൻ.ഡി.എ 2050