കിളിമാനൂർ: ഒമ്പത് മാസത്തിന് ശേഷം കാലിൽ ചിലങ്ക അണിഞ്ഞ സന്തോഷത്തിലാണ് നൃത്താദ്ധ്യാപകരും വിദ്യാർത്ഥികളും. കൊവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന നൃത്ത ക്ലാസുകൾ കഴിഞ്ഞ ഞായറാഴ്ചയാണ് പുനരാരംഭിച്ചത്.
അതീവ സുരക്ഷയോടെയാണ് അദ്ധ്യാപകർ ക്ലാസ് നയിക്കുന്നത്. കുട്ടികളെ ഒരു മീറ്റർ അകലത്തിൽ നിറുത്തിയാണ് പരിശീലനം. മാസ്കും സാനിറ്റൈസറിന്റെ ഉപയോഗവും നിർബന്ധം. വാടക കെട്ടിടങ്ങളിൽ നടത്തിയിരുന്ന നൃത്ത വിദ്യാലയങ്ങൾ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സ്വന്തമായി കെട്ടിടം ഉള്ളവരാണ് ക്ലാസുകൾ ആരംഭിച്ചത്.
ലോക്ക് ഡൗണിൽ നൃത്ത വിദ്യാലയങ്ങൾക്ക് പൂട്ട് വീണതോടെ അദ്ധ്യാപകരുടെ ജീവിതവും ദുരിതത്തിലായിരുന്നു. വിദ്യാർത്ഥികൾ മാസംതോറും നൽകിയിരുന്ന ഫീസ് മാത്രമായിരുന്നു പലരുടെയും ആശ്രയം. അത് നിലച്ചതോടെ പട്ടിണിയുടെ വക്കിൽ വരെ എത്തി. മറ്റു തൊഴിൽ തേടി പോകാൻ കഴിയാത്തവരാണ് ഏറെ ബുദ്ധിമുട്ടിയത്. വാടക കൊടുക്കാൻ മാർഗം ഇല്ലാതായതോടെ ക്ലാസുകൾ നടത്തിയിരുന്ന കെട്ടിടങ്ങൾ ഒഴിയേണ്ടിവന്നു. അതാണ് ഇപ്പൊ അനുമതി കിട്ടിയിട്ടും ക്ലാസുകൾ നടത്താൻ കഴിയാത്തതിന് പിന്നിൽ.
കുട്ടികൾ മുതൽ വീട്ടമ്മമാർ വരെയാണ് നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ. മാനസിക ഉല്ലാസവും ആരോഗ്യസംരക്ഷണവും തേടിയാണ് വീട്ടമ്മമാരിൽ പലരും നൃത്ത ക്ലാസുകളിൽ എത്തുന്നത്.