കോട്ടയം: യു.ഡി.എഫിന്റെ കോട്ടയെന്ന് ഇതുവരെ വിശേഷിപ്പിച്ചെങ്കിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനത്തോടെ ഇനി അങ്ങനെയാകുമോയെന്ന് ഉറ്റുനോക്കുന്ന ഡിവിഷനാണ് ഭരണങ്ങാനം. ജില്ലയിൽ കേരളാ കോൺഗ്രസിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഡിവിഷനുകളിലൊന്നാണിത് . ബി.ജെ.പിയും ഏറെ പ്രതീക്ഷയോടെ മത്സര രംഗത്തു സജീവമാണ്.
വോട്ടർമാരിൽ ഭൂരിഭാഗമായ റബർ കർഷകരാവും ഡിവിഷന്റെ വിധി നിർണയിക്കുക. റബർ വിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കേരളാ കോൺഗ്രസ് രാഷ്ട്രീയം എന്നിവ പ്രധാന ചർച്ചാ വിഷയമാകും. ഡിവിഷനിൽ സ്വാധീനമുള്ള ജനപക്ഷം പാർട്ടിയും സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ പി.സി. ജോർജിന്റെ പിന്തുണ എൽ.ഡി.എഫിനു ലഭിച്ചിരുന്നു. പല പഞ്ചായത്തിലും ബി.ജെ.പിക്കുള്ള സ്വാധീനവും ബി.ഡി.ജെ.എസ്. കൂട്ടൂകെട്ടുമാണ് എൻ.ഡി.എയുടെ. പ്രതീക്ഷ.
ഭരണങ്ങാനം, കരൂർ, മീനച്ചിൽ, കടനാട് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഭരണങ്ങാനം ഡിവിഷൻ. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മൈക്കിൾ പുല്ലുമാക്കലാണ് യു.ഡി.എഫ്. സ്ഥാനാർഥി, ജോസ് വിഭാഗത്തിലെ രാജേഷ് വാളിപ്ലാക്കൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായും ബി.ജെ.പിയിലെ സോമശേഖരൻ തച്ചേട്ട് എൻ.ഡി.എ സ്ഥാനാർത്ഥിയായും രംഗത്തുണ്ട്.
മൈക്കിൾ പുല്ലുമാക്കൽ
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് സജീവമായ മൈക്കിൾ പുല്ലുമാക്കൽ, യൂത്ത്ഫ്രണ്ട് പാലാ മണ്ഡലം സെക്രട്ടറി, കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2005 മുതൽ 2015 വരെ ളാലം ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. മൂന്നു വർഷം വൈസ് പ്രസിഡന്റുമായിരുന്നു. പ്രസിഡന്റിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. യു.ഡി.എഫിനു മണ്ഡലത്തിലുള്ള സ്വാധീനത്തിലാണു മൈക്കിളിന്റെ പ്രതീക്ഷ.
രാജേഷ് വാളിപ്ളാക്കൽ
യൂത്ത്ഫ്രണ്ട് എം ജില്ലാ പ്രസിഡന്റായ എൽ.ഡി.എഫ്. സ്ഥാനാർത്ഥി രാജേഷ് വാളിപ്ലാക്കലും വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. ഭരണങ്ങാനം പഞ്ചായത്തംഗമായും വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജലവാഹിനി ജലനിധി പദ്ധതി നടപ്പാക്കാൻ നേതൃത്വം നൽകി. പാലാ മാർക്കറ്റിംഗ് സഹകരണ സംഘം ഭരണ സമിതിയംഗവുമാണ്. കേരളാ കോൺഗ്രസിനു ഡിവിഷനിലുള്ള സ്വാധീനവും സി.പി.എമ്മിന്റെ പ്രവർത്തന മികവും തനിക്ക് അനുകൂലമാകുമെന്ന് രാജേഷ് കരുതുന്നു.
സോമശേഖരൻ തച്ചേട്ട്
ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സോമശേഖരൻ തച്ചേട്ടിന്റെ പൊതുരംഗത്തെ പരിചയം ഡിവിഷനിൽ ബി.ജെ.പിയ്ക്ക് പ്രതീക്ഷ നൽകുന്നു. ബി.ജെ.പി പാലാ നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു. താലൂക്ക് ആശുപത്രിവികസന സമിതി, മീനച്ചിൽ താലൂക്ക് വികസന സമിതി, വ്യാപാരി വ്യവസായി ഏകോപന സമിതി, മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി, മീനച്ചിൽ ഹിന്ദു മഹാസംഗമം തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹിയാണ്.
നിർണായകം
യു.ഡി.എഫ് ജയിച്ചു പോന്ന ഡിവിഷൻ
ജോസ് വിഭാഗത്തിന്റെ ഇടതു പ്രവേശനം
ബി.ജെ.പിക്ക് ഡിവിഷനിലുള്ള സ്വാധീനം