ന്യൂഡൽഹി: ഇന്ത്യയിലെ രണ്ടാമത്തെ വമ്പൻ പെട്രോളിയം കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷനെ (ബി.പി.സി.എൽ) ഏറ്റെടുക്കാൻ ഇന്ത്യയിലെ മൂന്ന് കമ്പനികൾ പ്രാഥമിക താല്പര്യപത്രം സമർപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്ഥിരീകരിച്ചു.
ബി.പി.സി.എല്ലിന്റെ 52.98 % ഓഹരിയാണ് കേന്ദ്രസർക്കാർ വിറ്റൊഴിയുന്നത്. രാജ്യതാല്പര്യങ്ങൾ ഉൾപ്പടെ പലവിധ കാര്യങ്ങളും ഈ വലിയ ഇടപാടിൽ സംരക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറായതുമില്ല. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുന്നതിന് വേണ്ടി കൂടിയാണ് സ്വകാര്യവത്കരണ നീക്കങ്ങളെവും ധർമ്മേന്ദ്ര പ്രധാൻ വ്യക്തമാക്കി.
മൈനിംഗ്, പെട്രോളിയം രംഗത്തെ വമ്പന്മാരായ വേദാന്ത ഗ്രൂപ്പാണ് ബി.പി.സി.എൽ വാങ്ങാനായി രംഗത്തുള്ള ഇന്ത്യൻ കമ്പനിയെന്നത് പരസ്യമായിട്ടുണ്ട്. ലണ്ടൻ ആസ്ഥാനമായ വേദാന്ത റിസോഴ്സസ് ആണ് വേദാന്തയുടെ മാതൃസ്ഥാപനം. രാജസ്ഥാനിൽ ഉൾപ്പടെ ഇവർക്ക് എണ്ണപ്പാടങ്ങളുണ്ട്. താല്പര്യപത്രം സമർപ്പിച്ച രണ്ടാമത്തെ സ്ഥാപനം അപ്പോളോ ഗ്ളോബൽ മാനേജ്മെന്റാണ്. മൂന്നാമത്തെ സ്ഥാപനത്തെക്കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഡിസംബറിൽ താല്പര്യപത്രങ്ങളുടെ പരിശോധന പൂർത്തിയാക്കി അർഹരായവരിൽ നിന്ന് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ വാങ്ങും. അതിന് ശേഷം മാത്രമേ ഫിനാൻഷ്യൽ ബിഡിലേക്ക് കടക്കൂ.
മൂല്യം 44,200 കോടി
ബി.പി.സി.എൽ ഓഹരി വില ഇന്നലെ 385 രൂപയാണ്. ഇതുപ്രകാരം 52.98 % ഓഹരിയുടെ മൂല്യം 44,200 കോടി രൂപയാകും. കൂടാതെ 21,600 കോടി മുടക്കി പൊതുവിപണിയിൽ നിന്ന് 26% ഓഹരികളും സ്വന്തമാക്കണം.
നാല് റിഫൈനറികൾ
ബി.പി.സി.എല്ലിന് രാജ്യത്ത് നാല് റിഫൈനറികൾ. മുംബയ്, കൊച്ചി, ബിനായ് (മദ്ധ്യപ്രദേശ്), നുമാലിഗഡ് (അസം). 38.4 ദശലക്ഷം ടണ്ണാണ് വാർഷിക സംസ്കരണ ശേഷി. നുമാലിഗഡ് റിഫൈനറി പക്ഷേ കൈമാറുന്നില്ല.
17,355 പമ്പുകൾ
രാജ്യത്താകമാനം കമ്പനിക്ക് 17,355 പെട്രോൾ പമ്പുകളും 61 ഏവിയേഷൻ ഫ്യൂവൽ കേന്ദ്രങ്ങളും 6,156 എൽ.പി.ജി ഡീലർമാരുമുണ്ട്.
ആറാം തമ്പുരാൻ
വിറ്റുവരവിന്റെ കാര്യത്തിൽ രാജ്യത്തെ ആറാമത്തെ വലിയ കമ്പനിയാണ് ബി.പി.സി.എൽ. റഷ്യയും ബ്രസീലും ഇസ്രയേലും ഉൾപ്പടെ ഒമ്പത് രാജ്യങ്ങളിൽ ആസ്തികളുണ്ട്.