സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടത് രണ്ടേമുക്കാൽ ലക്ഷം ലിറ്റർ സാനിട്ടൈസർ
ആലപ്പുഴ : പൊതുമേഖലാ സ്ഥാപനമായ കലവൂരിലെ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിനും (കെ.എസ്.ഡി.പി) ബമ്പർ കോളായി മാറുകയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് . വോട്ട് ചെയ്യാൻ എത്തുന്നവരുടെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടേമുക്കാൽ ലക്ഷം ലിറ്റർ സാനിട്ടൈസറിനാണ് ഓർഡർ നൽകിയത്.
14 ജില്ലകളിലെ വിവിധ പോളിംഗ് സ്റ്റേഷനുകളിൽ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) മുഖേനയാണ് കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന സാനിട്ടൈസർ എത്തിക്കുക.
കഴിഞ്ഞ എട്ടരമാസത്തിനുള്ളിൽ കെ.എസ്.ഡി.പിയിൽ സാനിട്ടൈസർ ഉത്പാദനം പതിനഞ്ച് ലക്ഷം ലിറ്റർ കടന്നു. 500മില്ലിലിറ്ററിന്റെ യൂണിറ്റാണ് കൂടുതലും വിറ്റുപോയത്. ലോകാരോഗ്യ സംഘടന നിഷ്കർഷിച്ചിട്ടുള്ള ഫോർമുല അടിസ്ഥാനപ്പെടുത്തിയാണ് കെ.എസ്.ഡി.പിയുടെ സാനിട്ടൈസർ ഉത്പാദനം. കൊവിഡ് ബാധയെത്തുടർന്ന്, മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം കഴിഞ്ഞ മാർച്ച് 13നാണ് കെ.എസ്.ഡി.പിയുടെ കലവൂരിലെ പ്ളാന്റിൽ സാനിട്ടൈസർ ഉത്പാദനം ആരംഭിച്ചത്.
ലോക്ക്ഡൗൺ കാലയളവിൽ പുറം മാർക്കറ്റിലുള്ളതിനേക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കിയിരുന്നത്. ഇപ്പോൾ 500മി.ലിറ്റിന്റെ ഒരു ലക്ഷം യൂണിറ്റ് പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ ഇത് 5000 യൂണിറ്റ് മാത്രമായിരുന്നു.വിപണിയിൽ സ്വകാര്യ കമ്പനികളുടെ സാനിട്ടൈസറിനെക്കാൾ വൻ ഡിമാൻഡാണ് കെ.എസ്.ഡി.പിയുടേതിന്. കൂടുതൽ ആവശ്യക്കാർ എത്തായാൽ ഉത്പാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ ഫില്ലിംഗ് യൂണിറ്റുകൾ കെ.എസ്.ഡി.പിയിൽ സജ്ജമാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് സ്വകാര്യ കമ്പനികൾ 500മി.ലി. സാനിട്ടൈസറിന് 250 മുതൽ 300രൂപവരെ വാങ്ങിയിരുന്നപ്പോൾ കെ.എസ്.ഡി.പി ഇതിന് 173രൂപയാണ് ഈടാക്കിയത്. വിപണിയിൽ വില നിയന്ത്രിച്ചു നിറുത്തിയതിൽ ഇത് പ്രധാന പങ്കാണ് വഹിച്ചിരുന്നത്.
നിലവിൽ ഉത്പാദനം : പ്രതിദിനം ഒരുലക്ഷം യൂണിറ്റ്
24 : മണിക്കൂറും പ്ളാന്റ് പ്രവർത്തിപ്പിക്കും
''ഓർഡറുകൾക്ക് അനുസരിച്ച് ഫില്ലിംഗ് യൂണുറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. പൊതുവിപണിയിൽ സാനിട്ടൈസറിന്റെ വില നിയന്ത്രിച്ച് നിർത്താനും ഗുണനിലവാരമുള്ള ഉത്പന്നം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കഴിഞ്ഞു. സ്വകാര്യകമ്പനികൾ ഡിസ്ട്രിലറി വാട്ടർ ഉപയോഗിക്കുമ്പോൾ സ്റ്റെർലൈസ് വാട്ടറിലാണ് ഇവിടെ സാനിട്ടൈസറിന്റെ നിർമ്മാണം.
സി.ബി.ചന്ദ്രബാബു, ചെയർമാൻ കെ.എസ്.ഡി.പി
വില (രൂപയിൽ)
കെ.എസ്.ഡി.പി
500മി.ലി-173
250മി.ലി.-90
200മി.ലി.-85
സ്വകാര്യ കമ്പനി
500മി.ലി-250-300
250മി.ലി.-125-175
200മി.ലി.-100-125