ആലപ്പുഴ: ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എ.എൻ.പുരം ശിവകുമാറിന്റെ പ്രചാരണ കാർഡ് നോക്കിയശേഷം വലിച്ചെറിയാൻ വരട്ടെ. പ്രയോജനപ്പെടുന്ന കുറച്ചു കാര്യങ്ങൾ കൂടിയുണ്ട് ഇതിന്റെ മറുവശത്ത്.
2021ലെ കലണ്ടർ, നഗരത്തിലെ പ്രധാന ഓഫീസുകളുടെയും ആശുപത്രികളുടെയും മന്ത്രിമാരുടെയും നമ്പർ തുടങ്ങിയ വിവരങ്ങളാണ് സ്ഥാനാർത്ഥിയുടെ ഫോട്ടോയും ചിഹ്നവും പതിച്ച കാർഡിന് പിൻവശത്തുൾപ്പെടുത്തിയിരിക്കുന്നത്.
''ഓരോ വീട്ടിലും എത്തിയപ്പോഴാണ് പലർക്കും ചില അത്യാവശ്യ ഘട്ടങ്ങളിൽ ആരെ വിളിക്കണം എന്നുപോലും അറിയില്ലെന്ന് മനസിലാകുന്നത്. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പരുകൾ എല്ലാ വീട്ടിലുമുണ്ടാവണം. ഈ ഉദ്ദേശത്തോടെയാണ് കാർഡിനു പിന്നിൽ വിവിധ നമ്പരുകളും ഉൾപ്പെടുത്താൻ തീരുമാനിച്ചത്''- എ.എൻ.പുരം ശിവകുമാർ പറയുന്നു.
കളക്ടറേറ്റ്, നഗരസഭ, കെ.എസ്.ഇ.ബി, ട്രഷറി, പൊലീസ്, വനിതാ കമ്മീഷൻ, ആശുപത്രികൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങി ജില്ലയിലെ മന്ത്രിമാരുടെയും എം.പിയുടെയും നമ്പർ വരെ കാർഡിലുണ്ട്. പഴ്സിലോ, പോക്കറ്റിലോ കൊണ്ടുനടക്കാവുന്ന കലണ്ടറിനും വോട്ടർമാർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചതായി സ്ഥാനാർത്ഥി പറയുന്നു. മറ്റ് സ്ഥാനാർത്ഥികൾ ഫോട്ടോയും ചിഹ്നവും പതിച്ച കാർഡിൽ ഒതുങ്ങുമ്പോൾ, അത്യാവശ്യ വിവരങ്ങളടങ്ങിയ തന്റെ കാർഡ് ആരും കീറിക്കളയില്ലെന്ന് ശിവകുമാർ ഉറപ്പിക്കുന്നു. അങ്ങനെ ഈ ചീട്ടും തിരഞ്ഞെടുപ്പിൽ തുറുപ്പുചീട്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാക്സ് കൺസൾട്ടന്റ്സ് ആൻഡ് പ്രാക്ടീഷനേഴ്സ് സംസ്ഥാന പ്രസിഡന്റായ ശിവകുമാർ തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്. നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി, റെഡ് ക്രോസ്, മഹിളാ മന്ദിരം, ഗാന്ധിസ്മാരകം തുടങ്ങി വിവിധ സാമൂഹിക, സാംസ്ക്കാരിക സംഘടനകളിലെ അംഗം കൂടിയാണ് ശിവകുമാർ.