മൂന്നു പതിറ്റാണ്ടിനു ശേഷം
മുംബയ്: മുപ്പതു വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ചെയ്യാനൊരുങ്ങി ചൈന. അരിയുടെ ഗുണനിലവാരം കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ഇറക്കുമതി നിറുത്തലാക്കിയത്. എന്നാൽ, ഇപ്പോൾ അതിർത്തിയിലെ സംഘർഷം രൂക്ഷമാവുകയും ചൈനീസ് കമ്പനികൾക്കു മേൽ ഇന്ത്യ കടുത്ത ഉപരോധം ഏർപ്പെടുത്തുകയും മറ്റു വ്യാവസായിക ഉറവിടങ്ങൾ കുറയുകയും ചെയ്തതോടെ ഒരു ഒത്തുതീർപ്പെന്ന നിലയിലാണ് ചൈന അരി ഇറക്കുമതി പുനരാരംഭിച്ചത്. എന്നാൽ, കുറഞ്ഞ വിലയിൽ അരി നൽകാമെന്ന ഇന്ത്യയുടെ വാഗ്ദാനമാണ് തങ്ങളെ പ്രേരിപ്പിച്ചതെന്നാണ് ചൈനീസ് അധികൃതർ നൽകുന്ന വിശദീകരണം.
ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്നത് ഇന്ത്യയും ഇറക്കുമതി ചെയ്യുന്നത് ചൈനയുമാണ്. പ്രതിവർഷം നാല് മില്യൺ ടൺ അരിയാണ് ചൈന ഇറക്കുമതി ചെയ്യുന്നത്. അരിയുടെ ഗുണനിലവാരം വിലയിരുത്തിയ ശേഷം അടുത്തവർഷം മുതൽ ചൈന കൂടുതൽ അരി ഇന്ത്യയിൽ നിന്നു വാങ്ങുമെന്നാണ് എക്സ്പോർട്ടിംഗ് ഓർഗനൈസേഷൻ പ്രസിഡന്റ് ബി.വി കൃഷ്ണ റാവു വ്യക്തമാക്കി. ഒരു ടണ്ണിന് 300 ഡോളർ നിരക്കിൽ ഒരു ലക്ഷം ടൺ അരി മൂന്നു മാസത്തിനുള്ളിൽ കയറ്റുമതി ചെയ്യാനാണ് നിലവിൽ കരാർ ഉണ്ടാക്കിയിരിക്കുന്നത്.
തായ്ലന്റ്, വിയറ്റ്നാം, മ്യാൻമാർ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നാണ് ചൈന അരി ഇറക്കുമതി ചെയ്യുന്നത്. എന്നാൽ, രാജ്യത്തേക്ക് ആവശ്യമായ അരി ഇറക്കുമതിയിലൂടെ ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവയ്ക്ക് അധിക വില നൽകേണ്ടിയും വരുന്നു.