കോലഞ്ചേരി: കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിലും വ്യാജ പ്രചാരണങ്ങൾക്ക് കുറവില്ല. 'വോട്ടുമാറിക്കുത്തിയാൽ ഞങ്ങളറിയും' എന്ന സ്ഥിരം ഭീഷണി ഇക്കുറിയുമുണ്ട്. എന്നാൽ വോട്ട് രഹസ്യമാണ്, ആർക്കാണു ചെയ്തതെന്ന് ആരും അറിയില്ല. അതിന്റെ പേരിൽ ആരെങ്കിലും ഭീഷണിപ്പെടുത്തിയാൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർക്കു പരാതി നൽകാം.വീഡിയോ, ഓഡിയോ, ഫോൺ വിളികൾ എന്നിവയെല്ലാം തെളിവാകും. വോട്ടു ചെയ്യുന്നത് ആർക്കെന്ന വിവരം മൊബൈൽ ഫോണിൽ കിട്ടുമെന്നും തിരിച്ചു ചെയ്താൽ അറിയുമെന്നുമാണു പ്രാദേശിക നേതാക്കൾ സാധാരണക്കാരെ പറഞ്ഞു ഭയപ്പെടുത്തുന്നത്. സാറ്റ്ലൈറ്റ് ഫോൺ വഴിയും അറയുമെന്ന വ്യാജ പ്രചാരണവുമുണ്ട്.
വോട്ട് ആ പാർട്ടിക്കു തന്നെ വീഴ്ത്താനുള്ള തട്ടിപ്പാണിതിനു പിന്നിൽ. തിരഞ്ഞെടുപ്പുകാല പാർട്ടി യോഗങ്ങൾ 'തൊഴിലുറപ്പ് മീറ്റിംഗ് ' എന്നു പറഞ്ഞാണു ചിലർ വിളിച്ചുചേർക്കുക. പങ്കെടുത്തില്ലെങ്കിൽ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് പുറത്താക്കുമെന്നാണു പ്രധാന ഭീഷണി. സാമൂഹികക്ഷേമ പെൻഷൻ മുടക്കും, കുടുംബശ്രീയിൽ നിന്ന് പണം കിട്ടില്ല, സഹകരണ ബാങ്കിലെ വായ്പ വേഗം തിരിച്ചടയ്ക്കേണ്ടി വരും, ബാങ്കിൽ പണയം വയ്ക്കാൻ അനുവദിക്കില്ല. തുടങ്ങിയ ഭീഷണികളുമുണ്ട്. കർഷകരെ വരുതിയിലാക്കാൻ പറയുന്നത് കൃഷിഭവനിൽനിന്ന് ആനുകൂല്യം കിട്ടില്ലെന്നും കൊയ്ത നെല്ല് സപ്ലൈകോ എടുക്കില്ലെന്നുമാണ്.
ബിൽഡിംഗ് പെർമിറ്റ്, തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് എന്നിവയാണ് വ്യാപാരികളെ വരുതിയിലാക്കാനുള്ള ഭീഷണികൾ. വോട്ടു ചെയ്യുന്നത് അറിയാമെന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. അതീവ രഹസ്യസ്വഭാവമുള്ളതാണ് തിരഞ്ഞെടുപ്പ്. ഒരു വ്യക്തിയെ ഭീഷണിപ്പെടുത്തി വോട്ടു ചെയ്യിക്കുന്നത് കുറ്റകൃത്യമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണം നടത്തുന്ന സംഭവങ്ങളെയും ഗൗരവമായി കണ്ട് കേസെടുക്കും.