കളമശേരി: ഏലൂർ ഫാക്ട് ജംഗ്ഷനിലെ മാർക്കറ്റിംഗ് ഡിവിഷനിന്റെ ശമ്പളം പറ്റാത്ത കാവൽക്കാരായ നായ്ക്കളാണ് ചെമ്പനും കറുമ്പനും. വെറും സെക്യൂരിറ്റിക്കാരല്ല, എഴുച്ചേർക്കാത്ത ചില നിയമങ്ങളൊക്കെ നടപ്പാക്കുന്ന ശ്വാന സംഘം. തെരുവുനായ്ക്കളായ രണ്ടാളും ഇവിടുത്തെ ജീവനക്കാർ ഓഫീസ് പൂട്ടിപോകുമ്പോൾ സ്ഥാപനത്തിന്റെ ചാർജ് ഏറ്റെടുക്കും. പിന്നെ ഓഫീസ് പരിസരം കറുമ്പന്റെയും ചെമ്പന്റെയും അണ്ടൽ കൺട്രോളിലായിരിക്കും. രാവിലെയും ഓഫീസ് പരിസരത്ത് തന്നെയാണ് രണ്ടാളും സമയം ചെലവഴിക്കുന്നത്. ഡ്യൂട്ടിയിലല്ലെങ്കിലും ഈ സമയത്തും തങ്ങളുടെ നിയമത്തിൽ വെള്ളം ചേർക്കില്ല.
കവാടത്തിൽ അന്യരുടെ വാഹനം കയറ്റില്ലെന്നതാണ് ഒന്നമാത്തെ നിയമം. അഥവ വാഹനം പാർക്ക് ചെയ്യാൻ ഉദ്യോഗസ്ഥരുടെ അമുതി കൂടിയേതീരു. രണ്ട്, മുണ്ട് ഉടുത്ത് ഇതുവഴി വരുന്നതും രണ്ടാൾക്കും ഇഷ്ടമല്ല. പിന്നീടൊരിക്കലും മുണ്ട് ഉടുക്കാൻ ഭയക്കും വിധം കുരച്ച് ഓടിക്കും. എന്നാൽ ഉദ്യോഗസ്ഥർക്ക് മുണ്ട് ഉടുക്കാം. അത് അത്രകുറ്റമല്ല. ജീവനക്കാരുടെ വാഹനത്തിൽ തൊടാൻ പാടില്ലെന്നതാണ് മൂന്നാമത്തെ കണ്ടീഷൻ. തൊട്ടാൽ വിവരമറിയും. മാർക്കറ്റിംഗ് ഡിവിഷനിലെ ജീവനക്കാരായ സത്യനും അലക്സുമാണ് ഇവരുടെ ഉറ്റ ചങ്ങാതിമാർ. രണ്ടാക്കും ഭക്ഷണം കൊണ്ടുവന്ന് കൊടുക്കുന്നത് സത്യനും അലക്സുമാണ്.
അവധി ദിവസവും സത്യനും അലക്സും ചെമ്പനും കറുമ്പനും ഭക്ഷണം എത്തിക്കും. സത്യനെയും അലക്സിനെയും കണ്ടില്ലെങ്കിൽ പരിസരത്തെല്ലാം അന്വേഷണം നടത്തും. മറ്റ് ഉദ്യോഗസ്ഥരോടും സ്നേഹമാണ്. അവർക്ക് തിരിച്ചും. വിഷപാമ്പുകളുടെ ശല്യമുള്ള ഇവിടെ ഇക്കാര്യത്തിൽ ജീവനക്കാരുടെ സുരക്ഷ കറുമ്പനാണ് നോക്കുന്നത്. ഇതുവരെ ഒമ്പത് മൂർഖൻ പാമ്പുകളെ കറുമ്പൻ വകവരുത്തിയിട്ടുണ്ട്.