വോട്ടെടുപ്പിന് ഇനി അഞ്ച് നാൾ. പ്രചാരണം കൊടുമുടിയേറി. ശബ്ദ പ്രചാരണങ്ങളുടെ ദിവസങ്ങളാണ് ഇനി. സ്ഥാനാർത്ഥികൾ പരമാവധി വീടുകൾ കയറി. അണിയറയിൽ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന നേതാക്കൾ തങ്ങളുടെ വിജയസാദ്ധ്യതകൾ വിലയിരുത്തുന്നു.
-------------------
കെ.പി.ഉദയഭാനു, സി.പി.എം ജില്ലാ സെക്രട്ടറി.
? പ്രചാരണം അവസാന ഘട്ടത്തിലായി. എന്തൊക്കെയാണ് പ്രതീക്ഷകൾ.
ജില്ല പൊതുവെ ഇടതുപക്ഷ ചായ് വ് തുടങ്ങിയിട്ട് പത്തു വർഷത്തോളമായി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫ് എം.എൽ.എ മാരാണ്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭൂരിപക്ഷം പകുതിയായി കുറയ്ക്കാൻ കഴിഞ്ഞു. 25 ഗ്രാമ പഞ്ചായത്തുകളിൽ ഭരണം എൽ.ഡി.എഫിനായിരുന്നു. നാലിൽ രണ്ട് നഗരസഭകളും ഞങ്ങൾക്കൊപ്പമാണ്. നിലവിൽ അഞ്ച് ബ്ളോക്ക് പഞ്ചായത്തുകളിലും ഭരണമുണ്ട്. ഇതിനേക്കാൾ കൂടുതൽ വിജയമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് അടുത്ത അഞ്ച് വർഷം ഭരിക്കുന്നത് എൽ.ഡി.എഫ് ആയിരിക്കും.
? ആത്മവിശ്വാസത്തിനുള്ള കാരണങ്ങൾ.
പ്രധാനപ്പെട്ട ഘടകം എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളാണ്. ക്ഷേമ പദ്ധതികൾ, ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക മേഖലകളിലെ മുന്നേറ്റം എന്നിവയും നേട്ടമാകും. പ്രളയത്തെയും കൊവിഡിനെയും കാര്യക്ഷമതയോടെ നേരിട്ട എൽ.ഡി.എഫ് സർക്കാരിനുള്ള അംഗീകാരങ്ങൾ ചർച്ചചെയ്യപ്പെടും. മികച്ച സ്ഥാനാർത്ഥികളാണ് ഞങ്ങളുടേത്
? സർക്കാരിനെതിരായ ആരോപണങ്ങൾ ജനങ്ങളെ സ്വാധീനിക്കില്ലേ.
ആരോപണങ്ങളുടെ പുകമറ സർക്കാരിന് ഒരു പരിക്കും ഏൽപ്പിച്ചിട്ടില്ല. ഉമ്മൻചാണ്ടി സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചതുകൊണ്ട് പിണറായി സർക്കാരിലും അഴിമതിയാണെന്നു പറഞ്ഞാൽ ജനം വിശ്വസിക്കില്ല. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പദ്ധതികളുടെ പ്രയോജനം ഒാരോ വീട്ടിലും എത്തിയിട്ടുണ്ട്. ജനങ്ങൾക്ക് വേണ്ടി സർക്കാർ എന്തൊക്കെ ചെയ്തുവെന്നാണ് വോട്ടുചെയ്യുന്നവരുടെ മനസിലുണ്ടാവുക. പെൻഷൻ വർദ്ധന, കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗജന്യ കിറ്റുകൾ, ചികിത്സാ സൗകര്യങ്ങൾ....ഇതൊന്നും ജനം മറക്കില്ല.
? ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫിന്റെ കത്തക അവസാനിപ്പിക്കുമോ.
ഭൂരപക്ഷം ഡിവിഷനുകളിലും വിജയിച്ച് എൽ.ഡി.എഫ് അധികാരത്തിലെത്തും. ഏറ്റവും മികച്ച സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ ഭരണ പരാജയം ഞങ്ങൾ ഡിവിഷനുകളിൽ ജനങ്ങളുമായി ചർച്ച ചെയ്തു. നടപ്പാക്കിയെന്ന് എടുത്തുകാട്ടാൻ ഒരു പദ്ധതി പോലുമില്ല. കാർഷിക മേഖലയ്ക്ക് ഒരു സഹായവും ചെയ്തില്ല. സ്കൂളുകളുടെ ശാേചനീയമായ അവസ്ഥ ... തുടങ്ങി നിരവധി പരാതികളാണുളളത്.
? യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും വെല്ലുവിളികൾ.
തമ്മിൽ യോജിപ്പില്ലാത്ത പാർട്ടികളുടെ കൂട്ടമാണ് യു.ഡി.എഫ്. സീറ്റ് കിട്ടാത്തവർ റിബലുകളായി രംഗത്തുണ്ട്. എൻ. ഡി.എയ്ക്ക് നേട്ടമുണ്ടാക്കാൻ കഴിയില്ല. നിലവിലുള്ള സീറ്റുകൾ അവർക്ക് നഷ്ടപ്പെടും.