കാലടി: വിരുന്നെത്തിയ നാഗശലഭങ്ങൾ കൗതുക കാഴ്ചയാകുന്നു. നീലീശ്വരം കമ്പനിപ്പടി മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപം കോളാട്ടുകുടി ബാബുവിന്റെ വീട്ടുപറമ്പിലാണ് വമ്പൻ ചിത്രശലഭത്തെ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പ് പറമ്പിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് ഇവയെ കണ്ടത്. കാഴ്ചയിൽ ഭീമാകാരനായ ശലഭത്തെക്കണ്ട് അത്ഭുതപ്പെട്ട കുട്ടികൾ മുതിർന്നവരെ വിവരം അറിയിക്കുകയായിരുന്നു.
ചിറകിലെ വിസ്മയം
വലിയൊരു ചിത്രശലഭം. സൂക്ഷിച്ച് ചിറകിന്റെ അറ്റത്തേക്ക് നോക്കിയാൽ പാമ്പിന്റെ രൂപം കാണാം. ചിറകിലൊളിഞ്ഞിരിക്കുന്ന ഈ വിസ്മയമാണ് നാഗശലഭമെന്ന പേരിന് കാരണം. നിശാശലഭമായതിനാൽ രാത്രിയിലാണ് സഞ്ചാരം. പല വർണങ്ങളിലുള്ള ചിത്രശലഭങ്ങളെ കാണാറുണ്ടെങ്കിലും നാഗശലഭത്തെ കാണുക അപൂർവം. പ്രത്യേകിച്ച് പകൽസമയത്ത് വീട്ടുപരിസരങ്ങളിൽ. കാണാനൊക്കെ സൗന്ദര്യമുണ്ടെങ്കിലും ഇവയുടെ ആയുസ് രാണ്ടാഴ്ചമാത്രമാണ്.
ജോഡി നമ്പർ വൺ
നിശാശലഭങ്ങളിലെ രാജാവായ നാഗശലഭത്തിന്റെ അസാമാന്യ വലിപ്പമുള്ള ചിറകിന്റെ ആകൃതിയാണ് ഏറെ ആകർഷണീയം.കാപ്പിയും വെള്ളയും തവിട്ട് നിറത്തിലുമുള്ള ചിറകിന്റെ അറ്റത്തെ പത്തിവിടർത്തി നിൽക്കുന്ന പോലെ തോന്നിപ്പിക്കുന്ന മൂർഖൻപാമ്പിന്റെ രൂപമാണ് പ്രത്യേകത. മുൻചിറകുകളിൽ പാമ്പിന്റെ കണ്ണുകളെപ്പോലെ കറുത്ത പൊട്ടുകളുണ്ട്. ബാബുവിന്റെ വീട്ടുപറമ്പി രണ്ട് നാഗശലഭത്തിനും നാലിഞ്ച് വലുപ്പമുണ്ട്. നാഗശലഭത്തെ കാണാൻ നിരവധിപ്പേരാണ് ഇവിടെ എത്തുന്നത്.