കൊച്ചി: ഫ്ലക്സ് നിരോധനവും കൊവിഡും തളർത്തിയ അച്ചടിശാലകൾക്ക് തിരഞ്ഞെടുപ്പ് ആശ്വാസമാകുന്നു. കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ഓർഡറുകളാണ് രണ്ടാഴ്ചയായി ലഭിക്കുന്നത്. ഓരോ വാർഡിൽ നിന്നും മുന്നണി സ്ഥാനാർത്ഥികളുടെയും സ്വതന്ത്രരുടെയും അടക്കം ഓർഡറുകൾ എത്തിയതോടെ രാവും പകലും അച്ചടിശാലകൾ ഉണർന്നിരിക്കുകയാണ്. ബാനറുകൾക്കും കൊടി, തൊപ്പി, മാസ്ക് എന്നിവയിലടക്കം പ്രിന്റ് ചെയ്ത് നൽകുന്നതോടെ മേഖല ഉഷാറാവുകയാണ്. ചിഹ്നവും ഫോട്ടോയും പതിപ്പിച്ച മാസ്ക്, ടീ ഷർട്ട്, തൊപ്പി, കീ ചെയിൽ, ചിഹ്നം പതിപ്പിച്ച സാനിറ്റൈസർ, പേന എന്നിവയ്ക്ക് വൻ ഡിമാൻഡാണ്.
ഉർവശീശാപം ഉപകാരം
കൊവിഡിനെ തുടർന്ന് വീടുകൾ കയറിയുള്ള പ്രചരണത്തിന് നിയന്ത്രണം വന്നതോടെയാണ് സ്ഥാനാർത്ഥിയെയും ചിഹ്നവും നാട്ടുകാരിലേയ്ക്ക് എത്തിക്കാൻ ബാനറുകൾക്കും ബോർഡുകൾക്കും പ്രിയമേറുന്നത്. ഹരിത പ്രോട്ടോക്കോൾ തെറ്റിക്കാതെയാണ് ബോർഡ്, ബാനർ പ്രിന്റിംഗ് നടക്കുന്നത്. ആറു- നാലു സൈസിലുള്ള ബോർഡിന് 600 - 700 വരെയുള്ള ബോർഡുകൾ വില്പനയ്ക്കുണ്ട്. തുണിയിലുള്ള പ്രിന്റിംഗിന് ചതുരശ്രയടിക്ക് 30 - 45 രൂപയാണ്. പ്രിന്റ്ഡ് ടീ ഷർട്ടിന് 200, തൊപ്പിയ്ക്ക് 15, മാസ്ക് 15, പേന 40 എന്നിങ്ങനെയാണ് വില.
തുണി ബാനറുകൾ കൈയടക്കിയ പ്രചാരണം
ചെലവ് അല്പം കൂടിയാലും തുണി ബാനറുകൾ തന്നെയാണ് ഇക്കുറി പ്രചാരണത്തിന് മാറ്റുകൂട്ടുന്നത്. ഫ്ളക്സ് പ്രിന്റ് ചെയ്യാൻ ചതുരശ്രയടിക്ക് 15 രൂപ ചെലവായിരുന്ന സ്ഥാനത്ത് കോട്ടൺ തുണിക്ക് 25 രൂപ മുടക്കണം. തുണിയുടെ ഗുണനിലവാരത്തിനും ചതുരശ്രയടിക്കും അനുസരിച്ച് വിലയിൽ മാറ്റം വരും. ബാനറുകളിലെ അവതരണത്തിനും ഇക്കുറി മാറ്റമുണ്ട്. സ്ഥാനാർത്ഥികളെ ഹൈലൈറ്റ് ചെയ്ത് പിറകിൽ ഗ്രാമഭംഗിയും വോട്ടർമാരെയും വരച്ച് അടയാളപ്പെടുത്ത രീതിയിലാണ് ബാനറുകൾ രൂപകല്പന ചെയ്യുന്നത്. മികച്ച നിലവാരത്തിലുള്ള വില കൂടിയ തുണിയിൽ തന്നെയാണ് ബാനറുകളാണ് എല്ലാവർക്കും വേണ്ടതെന്ന് അങ്കമാലിയിലെ കൊടിക്കട ഉടമ ബീനീഷ് പറയുന്നു. വരും ദിവസങ്ങളിലും കച്ചവടം പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
ചുവരെഴുത്തുകൾ നിറഞ്ഞ് നാടു നഗരവും
ഫ്ലക്സുകളും പ്ലാസ്റ്റിക്കും പമ്പ കടന്നതോടെ പ്രചാരണരീതികൾ പഴയകാലത്തേയ്ക്ക് മടങ്ങുകയാണ്. പലയിടത്തും ചുവരെഴുത്തുകളും തുണി ബാനറുകളും നിറഞ്ഞു കഴിഞ്ഞു. ഗ്രാമപ്രദേശങ്ങളിലും നഗരത്തിലുമടക്കം ഒന്നൊഴിയാതെ മതിലുകൾ തിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകളായി. ഇതോടെ ചുവരെഴുത്തുകാർക്കും തിരഞ്ഞെടുപ്പ് ആശ്വാസമാവുകയാണ്.