കടയ്ക്കാവൂർ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് കടയ്ക്കാവൂർ പൊലീസിന്റെ പിടിയിലായി. കടയ്ക്കാവൂർ ഓവർബ്രിഡ്ജിന് സമീപം കോവിലഴികം വീട്ടിൽ രാഹുലാണ് (20) അറസ്റ്റിലായത്. ഫോൺ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് 28ന് രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കിക്കൊണ്ട് പോകുകയായിരുന്നു. മണ്ണാത്തിമൂല ഭാഗത്തുവച്ച് ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റ ഇരുവരെയും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. കാലിൽ പരിക്കേറ്റ യുവാവിനെ ചികിത്സനൽകി വിട്ടയച്ചു. എന്നാൽ പെൺകുട്ടിക്ക് ബോധം വന്നപ്പോഴാണ് തട്ടിക്കൊണ്ടുപോയതെന്ന് മനസിലായത്. കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ, എസ്.സി.പി.ഒ ബിനോജ്, ജ്യോതിഷ്, ഷിബു, ഡബ്ല്യൂ.സി.പി.ഒ മേരി എന്നിവരടങ്ങിയ സംഘം ഉടൻ തന്നെ ആശുപത്രിയിലെത്തി പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു. വിവരം ലഭിച്ചയുടൻ പൊലീസ് നടപടികൾ സ്വീകരിച്ചതിനാൽ പ്രതിക്ക് രക്ഷപെടാൻ കഴിഞ്ഞില്ല. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും കൂടുതൽ പേർ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സി.ഐ ആർ. ശിവകുമാർ പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.