ഏകദിനക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 12000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനായി വിരാട് കൊഹ്ലി
വിരാടിന് വഴിമാറിയത് സച്ചിന്റെ റെക്കാഡ്
ഇന്നലെ തന്റെ വ്യക്തിഗത സ്കോർ 23ലെത്തിയപ്പോഴാണ് കൊഹ്ലി ഏകദിനത്തിൽ 12000 റൺസ് തികച്ചത്. തന്റെ 242-ാമത്തെ ഇന്നിംഗ്സിലായിരുന്നു കൊഹ്ലി നാഴികക്കല്ല് താണ്ടിയത്.സച്ചിന് 300 ഇന്നിംഗ്സുകളാണ് ഇതിന് വേണ്ടിവന്നത്.
251 ഏകദിനങ്ങൾ കളിച്ച കൊഹ്ലി 59.29 ശരാശരിയിൽ 12040 റൺസ് നേടിക്കഴിഞ്ഞു.43 സെഞ്ച്വറികളും 60 അർദ്ധസെഞ്ച്വറികളും ഇതിനകം നേടിയിട്ടുണ്ട്.സച്ചിൻ 463 ഏകദിനങ്ങളിൽ നിന്ന് 49 സെഞ്ച്വറികളും 96 അർദ്ധസെഞ്ച്വറികളും അടക്കം 18426 റൺസ് നേടിയിട്ടുണ്ട്.
12000 ക്ളബിലെ വേഗക്കാർ
(ഇന്നിംഗ്സുകളുടെ എണ്ണവും ബാറ്റ്സ്മാനും )
242 - വിരാട് കൊഹ്ലി
300- സച്ചിൻ ടെൻഡുൽക്കർ
314- റിക്കി പോണ്ടിംഗ്
379- സനത് ജയസൂര്യ
399- മഹേല ജയവർദ്ധനെ
സെഞ്ച്വറിയില്ലാവർഷം
ഏകദിനത്തിൽ സെഞ്ച്വറിനേടാനാകാതെയാണ് കൊവിഡ് നടമാടിയ ഈ കലണ്ടർ വർഷം കൊഹ്ലിയെ കടന്നുപോകുന്നത്. അരങ്ങേറ്റം കുറിച്ച 2008ലൊഴികെ മറ്റെല്ലാവർഷങ്ങളിലും കൊഹ്ലി ഒരു ഏകദിന സെഞ്ച്വറിയെങ്കിലും കുറിച്ചിരുന്നു.ആകെ ഒൻപത് ഏകദിനങ്ങൾ മാത്രമാണ്കൊഹ്ലി 2020ൽ കളിച്ചത്.
വിജയിക്കണമെന്ന വാശിയോടെയാണ് ഞങ്ങൾ കളിച്ചത്. ബാറ്റിംഗിന്റെ തുടക്കത്തിൽ അൽപ്പം സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ ഹാർദിക്കിന്റെയും ജഡേജയുടെയും ഇന്നിംഗ്സുകൾ ധൈര്യമേകി. ബൗളിംഗിലും അതേ വീറുകാട്ടാനായി. ഈ മനോഭാവമാണ് ആസ്ട്രേലിയയിൽ വിജയം നേടാൻ അനിവാര്യം.
- വിരാട് കൊഹ്ലി