തൃപ്പൂണിത്തുറ: ശാരീരിക വൈകല്യമുണ്ടെങ്കിലും തളരാത്ത മനസുമായി ജനസേവനത്തിനിറങ്ങിയ സജിത്തിന് ഈ തിരഞ്ഞെടുപ്പിൽ വിജയം മാത്രമാണ് ലക്ഷ്യം. ഉദയംപേരൂർ പഞ്ചായത്തിലെ എട്ടാംവാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി താമര ചിഹ്നത്തിലാണ് പൂത്തോട്ട മഠത്തിക്കാട്ടിൽ സജിത്ത് (40) മത്സരിക്കുന്നത്. പതിനഞ്ചു വർഷമായി ബി.ജെ.പിയിലുള്ള സജിത്ത് പാർട്ടി ഏരിയാ സെക്രട്ടറിയാണ്.
ചെറുപ്പത്തിലേ സജിത്തിന്റെ രണ്ടു കാലുകൾക്കും വൈകല്യമുണ്ടായിരുന്നു. പ്ളസ്ടു വരെ പഠിച്ചു. സർക്കാർ ജോലിക്കായി ഓഫീസുകൾ കയറിയിറങ്ങി മടുത്തപ്പോൾ മുച്ചക്രവണ്ടിയിൽ ലോട്ടറിക്കച്ചവടം തുടങ്ങി. 12 വർഷമായി ഇതിൽനിന്നുള്ള വരുമാനമാണ് കുടുംബത്തിന്റെ കൈത്താങ്ങ്.
ലോട്ടറിവില്പന കഴിഞ്ഞുള്ള സമയത്താണ് പൊതുപ്രവർത്തനം. കൊവിഡ് പടർന്നപ്പോൾ കണ്ടെയിൻമെന്റ് സോണിലായ കുടുംബങ്ങൾക്ക് തന്റെ മുച്ചക്ര വണ്ടിയിൽ സജിത്ത് സഹായമെത്തിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ക്ഷേമ പെൻഷൻ, കിസാൻ സമ്മാൻ പദ്ധതി എന്നിവയെല്ലാം രാഷ്ട്രീയഭേദമില്ലാതെ ലഭ്യമാക്കാൻ പ്രവർത്തിച്ച സജിത്ത് നാട്ടുകാർക്കും പ്രിയങ്കരനാണ്. ജീവിതകാലത്ത് ജനങ്ങൾക്കുവേണ്ടി എന്തെങ്കിലും നന്മചെയ്യണം. അതല്ലെങ്കിൽ പിന്നെ നമ്മുടെ ജീവിതത്തിന് എന്ത് അർത്ഥമെന്നാണ് ചോദ്യം. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ അത് കൂടുതൽ കരുത്ത് നൽകുമെന്ന് സജിത്ത് പറഞ്ഞു. ഭാര്യ ശാന്തിയും മക്കളായ ആദിൽ, അഭയ് എന്നിവരും പിന്തുണയുമായി ഒപ്പമുണ്ട്.
എൽ.ഡി.എഫിലെ നാരായണദാസ്, യു.ഡി.എഫിലെ ഷൈമോൻ എന്നിവരാണ് ഈ വാർഡിലെ മറ്റ് സ്ഥാനാർത്ഥികൾ.