തിരുവനന്തപുരം: സി.ബി.ഐയിൽ തിരുവനന്തപുരം, മുംബയ് സ്പെഷ്യൽ ക്രൈംബ്രാഞ്ച് യൂണിറ്റുകളുടെ സൂപ്രണ്ടായ നന്ദകുമാർ നായരുടെ സേവന കാലാവധി കേന്ദ്രം ആറുമാസത്തേക്ക് നീട്ടി നൽകി. സിസ്റ്റർ അഭയയുടെ കൊലപാതകം, വയലിനിസ്റ്റ് ബാലഭാസ്കറുടെ അപകട മരണം, പെരിയ ഇരട്ടക്കൊല, നെടുങ്കണ്ടം കസ്റ്റഡിക്കൊല തുടങ്ങിയ നിരവധി കേസുകളുടെ അന്വേഷണം നന്ദകുമാറിന്റെ മേൽനോട്ടത്തിലാണ്.
പുനെയിലെ യുക്തിവാദി നേതാവ് നരേന്ദ്ര ധബോൽക്കർ വെടിയേറ്റു മരിച്ച കേസിന്റെ അന്വേഷണവും വിചാരണഘട്ടത്തിലെത്തിയ ഇസ്റത്ത് ജഹാൻ ഏറ്റുമുട്ടൽ കേസും ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ്. അഭയക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തത് നന്ദകുമാറായിരുന്നു. അന്വേഷണ മികവിന് 2017ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിയാണ്. കാലാവധി നീട്ടൽ സി.ബി.ഐയിൽ അപൂർവമാണ്.