കൊല്ലം: വൈകല്യത്തെ അതിജീവിച്ച് തിരഞ്ഞെടുപ്പിൽ ജയം കൈപ്പിടിയിലാക്കാമെന്ന പ്രതീക്ഷയിലാണ് സജി തോമസ് ഓരോ വീടും കയറിയിറങ്ങി വോട്ട് തേടുന്നത്. ജനപക്ഷ സ്ഥാനാർത്ഥിയായി വെട്ടിക്കവല പഞ്ചായത്തിലെ നിരപ്പിൽ വാർഡിലാണ് കൊട്ടാരക്കര വെട്ടിക്കവല തലച്ചിറ സജിഭവനിൽ സജി തോമസ് (40) ജനവിധി തേടുന്നത്.
ഊന്നുവടിയുമായി സജി ഓടിയെത്താത്ത ഇടങ്ങൾ ചുരുക്കം. തോമസ് കുട്ടി- കുഞ്ഞുമോൾ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവനായ സജി തോമസിന് ഒന്നര വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച് കിടപ്പിലായത്. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകുമെന്ന് കരുതിയിടത്തുനിന്ന് ആറാം വയസിൽ സജി വീടിന് പുറത്തിറങ്ങി. ഇടതുകാൽ തറയിൽ മുട്ടാത്തവിധം വളഞ്ഞ നിലയിലാണ്. വളർച്ചയും മുരടിച്ചു. വലത് കാലിന് ബലക്ഷയവുമുണ്ട്. വിഷമങ്ങളെ അവഗണിച്ച് ഊന്നുവടിയുടെ സഹായത്തോടെയായിരുന്നു കൂട്ടുകാർക്കൊപ്പം കളിച്ചുതുടങ്ങിയത്. വളർന്നപ്പോൾ കൂട്ടുകാരെ കൂട്ടി സേവന പ്രവർത്തനങ്ങൾ മുൻനിറുത്തി യുവസാരഥി എന്ന പേരിൽ സംഘടനയുണ്ടാക്കി.
കിടപ്പ് രോഗികൾക്ക് ആഹാരവും മരുന്നുമെത്തിച്ച് തുടങ്ങിയ സേവന പ്രവർത്തനങ്ങൾക്കിന്ന് സംസ്ഥാനത്താകെ വേരുണ്ട്. പതിനൊന്ന് നിർദ്ധന കുടുംബങ്ങൾക്ക് സജി തോമസിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകി. മാസം 28 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം നൽകുന്നുണ്ട്. മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച് 1,500ലധികം പേർക്ക് സൗജന്യ ചികിത്സയൊരുക്കി. നൂറിലധികംപേർക്ക് വീൽച്ചെയറുകൾ നൽകി.
ഈ സേവനങ്ങളുടെ തുടർച്ചയായിട്ടാണ് മത്സരിക്കാൻ തീരുമാനിച്ചത്. കമ്പ്യൂട്ടർ ഡിസൈനറായ സജി തോമസ് ഇതിനായി സ്ഥാപനവും നടത്തുന്നുണ്ട്. ഭാര്യ സോണിയയും മക്കൾ മിഘയും മിലനും പ്രചാരണരംഗത്ത് സജീവമാണ്.