തൃശൂർ: തിരഞ്ഞെടുപ്പ് കാലങ്ങളിലെ മിന്നും താരമാണ് 'എട്ടുകാലി മമ്മൂഞ്ഞ്". എല്ലാ ഗുണഫലങ്ങളുടെയും നേട്ടം വോട്ടാക്കാൻ പാടുപെടുന്ന രാഷ്ട്രീയക്കാരിൽ ചിലരെങ്കിലും ഈ ഗണത്തിലുള്ളവരാണ്. എവിടെ, എന്ത് വികസനം ചൂണ്ടിക്കാണിച്ചാലും 'അതു ഞങ്ങളാണ്" എന്ന് പറയുന്നവർ.
എവിടെയെങ്കിലും ഒരു സ്ത്രീ ഗർഭം ധരിച്ചാൽ 'അതു ഞമ്മളാണെന്ന്" പറയുന്ന എട്ടുകാലി മമ്മൂഞ്ഞ് വൈക്കം മുഹമ്മദ് ബഷീറിന്റെ തൂലികയിലാണ് പിറന്നത്. കാലം പലത് കഴിഞ്ഞിട്ടും രാഷ്ട്രീയക്കാർ ആ കഥാപാത്രത്തെ അനുകരിക്കുന്നത് തുടരുകയാണ്. ചിലപ്പോൾ ആരോപിക്കാനും മറ്റു ചിലപ്പോൾ അഹങ്കരിക്കാനും.
ബഷീറിന്റെ പ്രസിദ്ധ കഥാപാത്രങ്ങളായ ആനവാരി രാമൻ നായർ, പൊൻകുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്. എട്ടുകാലി മമ്മൂഞ്ഞിനെപ്പറ്റി വേറൊന്നുള്ളത് അയാൾ നപുംസകം എന്നതാണ്. എന്തിനുമേതിനും പിതൃത്വം അവകാശപ്പെടുന്ന മമ്മൂഞ്ഞിന് രണ്ടു വശത്തേക്കും ഓരോ മുഴം നീളത്തിൽ വളർന്നു നിൽക്കുന്ന മീശയുണ്ടായിരുന്നു. ഈ സ്വഭാവമാണ് രാഷ്ട്രീയക്കാരെ എട്ടുകാലി മമ്മൂഞ്ഞുമായി ബന്ധിപ്പിക്കുന്നത്.
മമ്മൂഞ്ഞെന്ന കഥാപാത്രം പൊള്ളയാണെന്ന് വ്യക്തമാക്കാൻ ചൂണ്ടിക്കാണിക്കുന്നതാണ് ലക്ഷ്മിക്കുട്ടിയുടെ ഗർഭം. ചായക്കടയിൽ ആ വാർത്ത എത്തിയപ്പോൾ ഉടൻമമ്മൂഞ്ഞ് തട്ടിവിട്ടു, 'അതു ഞമ്മളാ". എട്ടുകാലി മമ്മൂഞ്ഞ് അറിയുന്നില്ലല്ലോ, ലക്ഷ്മിക്കുട്ടി മനയ്ക്കലെ ആനയാണെന്ന്.
പതിറ്റാണ്ടുകൾക്കു മുമ്പേ രൂപം കൊണ്ട ആ കഥാപാത്രം, ഇന്നും ഇപ്പോഴും പ്രചാരണ വഴികളിൽ വോട്ടുപിടിക്കുകയാണ്, നമ്മെ തേടി നടക്കുകയാണ്.