ആലപ്പുഴ: ഇടതു കൈയിലെ പോരായ്മയെ അതിജീവിച്ചാണ് ആഡ്വ. ആർ. റിയാസ് ഇടതുപക്ഷ പ്രസ്ഥാനത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ചത്. ആ കരുത്താണ് ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിൽ ജനവിധി തേടാൻ റിയാസിന് കരുത്താകുന്നത്. ജന്മനാ ഇടത് കൈമുട്ടിന് താഴേക്കില്ലാത്ത റിയാസിന് അതൊരു പോരായ്മയായി തോന്നിയിട്ടില്ല.
ചെറുപ്പം മുതൽ ഒരു കൈ കൊണ്ട് എല്ലാം ചെയ്യാൻ പൊരുത്തപ്പെട്ടു. വെപ്പു കൈ പിടിപ്പിക്കണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. കൈമുട്ട് വരെയുള്ള ഭാഗം നന്നായി വഴങ്ങും. വാഹനം ഓടിക്കുന്നതുൾപ്പടെ എല്ലാ പ്രവൃത്തികളും ഏതൊരു സാധാരണക്കാരനെപ്പോലെയും ചെയ്യാൻ കഴിയുമെന്ന് റിയാസ് പറയുന്നു.
ജില്ലാ പഞ്ചായത്തിലേക്ക് രണ്ടാം തവണയാണ് മത്സരിക്കുന്നത്. 2005ൽ ആര്യാട് ഡിവിഷനിൽ നിന്ന് കേരളത്തിലെ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ആലപ്പുഴ ബാറിൽ അഭിഭാഷകനായ റിയാസ് കേരളത്തിലെ ആദ്യ ജനകീയ ഭക്ഷണശാലയുടെയും വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെയും പ്രധാന അണിയറക്കാരനാണ്. ആലപ്പുഴ എസ്.ഡി കോളേജ് യൂണിയൻ ചെയർമാനായാണ് രാഷ്ട്രീയത്തിലേക്ക് ചുവട് വച്ചത്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ, സംസ്ഥാന കമ്മിറ്റിയംഗം, മാരാരിക്കുളം ഏരിയാ സെക്രട്ടറി, സി.പി.എം മാരാരിക്കുളം ഏരിയാകമ്മിറ്റിയംഗം, ഹോംകോ എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ്, കേരള സ്പിന്നേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികൾ വഹിക്കുന്നു. അഭിഭാഷകയായ സജിലയാണ് ഭാര്യ. മക്കൾ: റിയ, റയാൻ.