മേലാറ്റൂർ: ഉയരക്കുറവിനെ ഉയരങ്ങൾ കീഴടക്കാനുള്ള ചവിട്ടുപടിയാക്കിയ ആകാശ് മാധവൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിലാണ്. മേലാറ്റൂർ ഗ്രാമപഞ്ചായത്ത് പൂക്കുന്നിൽ വാർഡിലെ എൻ.ഡി.എ സ്വതന്ത്രനാണ് ആകാശ് മാധവൻ. ഉയരം കുറഞ്ഞവരുടെ ഒളിംപിക്സായ ഡ്വാർഫിൽ രാജ്യത്തിനായി മെഡൽ നേടിയ ആകാശ് രാഷ്ട്രീയത്തിലും ചാമ്പ്യനാവാനുള്ള വോട്ടോട്ടത്തിലാണ്.
130 സെന്റീമീറ്ററാണ് (നാലേകാൽ അടി) ആകാശിന്റെ ഉയരം. 2017ൽ കാനഡയിൽ നടന്ന ഡ്വാർഫ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ആകാശ് വെങ്കല മെഡൽ നേടിയിരുന്നു. അതേവർഷം ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസിൽ സ്വർണവും നേടി. 2013ൽ അമേരിക്കയിലെ മിഷിഗണിലെ ഡ്വാർഫ് ഒളിമ്പിക്സിൽ ഷോട്ട്പുട്ടിൽ വെള്ളിയും ഡിസ്കസ് ത്രോയിൽ വെങ്കലവും നേടി.
സ്കൂൾ പഠനകാലത്ത് കലാരംഗത്ത് സജീവമായ ആകാശ് മോണോആക്ട്, മിമിക്രി, നാടകം എന്നിവയിൽ സംസ്ഥാനതലം വരെയെത്തിയിട്ടുണ്ട്. പ്ലസ്ടുവിനു ശേഷം കോയമ്പത്തൂരിലെ തമിഴ്നാട് കോളേജ് ഒഫ് എൻജിനിയറിംഗ് പൂർത്തിയാക്കിയ ആകാശിന് ഒരു ഓട്ടോ മൊബൈൽ സ്ഥാപനത്തിൽ സർവീസ് സെന്റർ അഡ്വൈസറായി നിയമനം ലഭിച്ചിരുന്നു. ജോലി തരാം പക്ഷേ, താങ്കൾ എങ്ങനെ ഒരുവാഹനത്തിന്റെ ബോണറ്റ് തുറക്കുമെന്ന അധികൃതരുടെ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ ആകാശ് തലതാഴ്ത്തി.
അച്ഛൻ എടത്തല മഠത്തിൽ മാധവനും അമ്മ ഗീതയും കരുത്തേകിയതോടെ ജയിച്ചുകയറണമെന്ന ആഗ്രഹം ഉള്ളിലുറച്ചു. ഒരു ടിവി ഷോ കാണുന്നതിനിടെ ഡ്വാർഫ് ഒളിംപിക്സിനെ പറ്റിയറിഞ്ഞു. സ്പോർട്സ് കൗൺസിലിലെ കോച്ച് നാസർ സൗജന്യമായി പരിശീലനം ഏറ്റെടുത്തതോടെ ജീവിതം മാറി. വീടിനടുത്തുള്ള മൈതാനത്ത് പരിശീലനം നടത്തിയപ്പോൾ പലരും പരിഹസിച്ചു. എന്നാൽ നേട്ടങ്ങൾക്ക് കൊയ്തതോടെ ആകാശിന്റെ വീട്ടിലേക്കുള്ള റോഡിന് നാട്ടുകാർ ആകാശ് പാത്ത് വേ എന്ന പേരിട്ടു. ഈ സ്നേഹം വോട്ടിലും പ്രകടമാവുമെന്ന പ്രതീക്ഷയിലാണ് ആകാശ്.
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിറുത്തപ്പെട്ട വിഭാഗത്തെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള പ്രചോദനമാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് ആകാശ് മാധവൻ പറയുന്നു. കായിക മേഖലയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യുമെന്നും ആകാശ് പറഞ്ഞു.