കല്ലമ്പലം: തളരാത്ത മനസുകൊണ്ട് തളർന്ന കാലുകൾക്ക് ബലം നൽകി മുന്നേറുകയാണ് നാവായിക്കുളം പഞ്ചായത്തിലെ വെള്ളൂർക്കോണം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി കെ. അശോകൻ. പോളിയോ ആണ് നാവായിക്കുളം ഡീസന്റ്മുക്ക് കുന്നുവിളവീട്ടിൽ അശോകന്റെ (44) ജീവിത്തിൽ വില്ലനായത്.
ജനിക്കും മുമ്പ് അച്ഛൻ ഉപേക്ഷിച്ചു പോയ അശോകന് അമ്മയും അമ്മൂമ്മയുമായിരുന്നു എല്ലാം. ഒരു വയസായപ്പോഴാണ് ജീവിതത്തെ പോളിയോ തളർത്തിയത്. അശോകന്റെ രണ്ടാം വയസിൽ അമ്മ മരിച്ചു. പിന്നീട് അമ്മൂമ്മയായിരുന്നു എല്ലാം. തകർന്നുപോയ കാലുകളെയോർത്ത് കരയാതെ ജീവിതം തിരിച്ചുപിടിക്കാൻ മനസിനെ അശോകൻ പാകപ്പെടുത്തി.
എസ്.എസ്.എൽ.സി പാസായ അശോകൻ 20 വർഷമായി നാവായിക്കുളം പഞ്ചായത്ത് ഓഫീസിനു മുന്നിൽ അപേക്ഷകൾ എഴുതികൊടുത്താണ് ഉപജീവനം നടത്തുന്നത്. നാട്ടുകാരുടെ നിർബന്ധത്താൽ 2005ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അശോകൻ ഈ വാർഡിൽ മത്സരിച്ചെങ്കിലും നാല് വോട്ടിന് പരാചയപ്പെട്ടിരുന്നു. അന്ന് വിജയിപ്പിക്കാൻ ശ്രമിച്ച നാട്ടുകാർ ഇപ്പോഴും തന്നെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് അശോകൻ.
ജയിച്ചാൽ വാർഡിലെ വികസന പ്രവർത്തനത്തിനും സാധാരണക്കാരുടെ ക്ഷേമത്തിനും മുന്തിയ പരിഗണന നൽകുമെന്ന് അശോകൻ പറയുന്നു. സംസ്ഥാന വികലാംഗ കോർപ്പറേഷനിൽ നിന്ന് ലഭിച്ച മുച്ചക്ര വാഹനത്തിലാണ് വോട്ടഭ്യർത്ഥന. പ്രചാരണത്തിന് താങ്ങായി ഭാര്യ റീനയും അഞ്ചു വയസായ മകൾ ലക്ഷ്മിയും ഒപ്പമുണ്ട്.