@പീഡനക്കേസുകളിൽ സഹാനുഭൂതിയില്ലാത്ത ജഡ്ജിമാരുണ്ടെന്നും വേണുഗോപാൽ
ന്യൂഡൽഹി :ജുഡിഷ്യറിയിൽ കൂടുതൽ വനിതാ ജഡ്ജിമാർ ഉണ്ടെങ്കിൽ പീഡനക്കേസുകളിൽ ഇരയാകുന്ന സ്ത്രീകളുടെ വൈകാരിക അവസ്ഥ മനസിലാക്കാത്ത ജഡ്ജിമാരുടെ സമീപനം മാറ്റാൻ കഴിയുമെന്ന്
അറ്റോർണി ജനറൽ കെ. കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ പറഞ്ഞു. സുപ്രീംകോടതിക്ക് ഇന്നുവരെ ഒരു വനിതാ ചീഫ്ജസ്റ്റിസ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പീഡനക്കേസിലെ പ്രതിയോട് ജാമ്യത്തിന് ഉപാധിയായി ഇരയുടെ കൈയിൽ രാഖി കെട്ടാൻ പറഞ്ഞ മദ്ധ്യപ്രദേശ് ഹൈക്കോടതി നിർദ്ദേശത്തിനെതിരെ ഒൻപത് വനിതാ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് അറ്റോർണി ജനറൽ ഇക്കാര്യങ്ങൾ എഴുതി നൽകിയത്.
കൂടുതൽ വനിതാജഡ്ജിമാർ ഉണ്ടെങ്കിൽ ഇരകളായ സ്ത്രീകളുടെ വൈകാരിക അവസ്ഥ മനസിലാക്കി ഉചിതമായ തീരുമാനമെടുക്കാൻ കഴിയും. സ്ത്രീകളെ തരംതാഴ്ത്തി കാണുന്ന സങ്കുചിത മനസുള്ള ന്യായാധിപന്മാർ തെറ്റായ കീഴ്വഴക്കങ്ങൾ സൃഷ്ടിക്കുന്നു. സ്ത്രീകൾക്ക് സ്വന്തമായി തീരുമാനമെടുക്കാനാല്ലെന്നും പുരുഷന്മാരാണ് മുകളിലെന്നുമുള്ള ധാരണയാണ് ന്യായാധിപന്മാർക്കും. ഇത് മാറ്റാൻ നിയമ പഠനം കഴിഞ്ഞ് രണ്ട്മൂന്ന് വർഷം ജെൻഡർ വിഷയങ്ങളിൽ പരിശീലനം നൽകണം.
സുപ്രീം കോടതി മുതൽ താഴോട്ടുള്ള എല്ലാ കോടതികളിലും വനിതാ ജഡ്ജിമാരുടെ പ്രാതിനിധ്യം വലിയ തോതിൽ വർദ്ധിപ്പിക്കണം. സുപ്രീം കോടതിക്ക് വനിതാ ചീഫ്ജസ്റ്റിസ് ഉണ്ടായിട്ടില്ല. ആകെയുള്ള 34 ജഡ്ജിമാരിൽ രണ്ടുപേർ മാത്രമാണ് വനിതകൾ. രാജ്യത്തെ 80 വനിതാ ജഡ്ജിമാരിൽ 78 പേരും ഹൈക്കോടതികളിലാണ്. രാജ്യത്തെ 1113 ജഡ്ജിമാരിൽ 80 പേർ മാത്രമാണ് വനിതകളെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
വനിതകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ സുപ്രീംകോടതി പാലിക്കേണ്ട ചില നിർദ്ദേശങ്ങളും വേണുഗോപാൽ സമർപ്പിച്ചു.
@പ്രതിയെയും ഇരയെയും തമ്മിൽ ബന്ധപ്പെടുത്തുന്ന ജാമ്യ വ്യവസ്ഥകൾ പാടില്ല
@പ്രതിയുടെ പീഡനങ്ങളിൽ നിന്ന് പരാതിക്കാരിക്ക് സംരക്ഷണം നൽകുന്നതാവണം ജാമ്യ വ്യവസ്ഥകൾ
@പ്രതിക്ക് ജാമ്യം അനുവദിച്ചാൽ അക്കാര്യം പരാതിക്കാരിയെ അറിയിച്ചിരിക്കണം
@സ്ത്രീകളുടെസമൂഹത്തിലെ സ്ഥാനത്തെ പറ്റിയുള്ള പരമ്പരാഗത സങ്കൽപ്പങ്ങളിൽ നിന്ന് സ്വതന്ത്രമായിരിക്കണം ജാമ്യവ്യവസ്ഥകൾ
@പ്രതിയും ഇരയും തമ്മിൽ ഒത്തുതീപ്പുണ്ടാക്കാൻ കോടതികൾ നിർദ്ദേശിക്കരുത്.