കുറ്റ്യാടി: കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് കുറ്റ്യാടി ഡിവിഷനിൽ നിന്ന് ജനവിധി തേടുന്ന യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സാജിത പനയുള്ളകണ്ടി വോട്ട് തേടിയുള്ള യാത്രയ്ക്കിടെ കുറ്റ്യാടിയിലെ മൊബൈൽ കെയർ ഷോപ്പിലും എത്തി. സ്ഥാനാർത്ഥിയെ കണ്ട കടയുടമ അഭിലാഷും സെയിൽസ് മാനേജർ ശ്രീഞ്ചും മറ്റു ജീവനക്കാരും സ്ഥാനാത്ഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ മൊബൈൽ നൽകി സ്വീകരിച്ചതാണ് കൗതുകമായത്. വേളം, മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ പഞ്ചായത്തുകൾ ചേർന്ന ഡിവിഷനാണ് കുറ്റ്യാടി ജില്ല പഞ്ചായത്ത് ഡിവിഷൻ. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി.ജോർജാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ മേഖലയിൽ സ്വാധീനമുള്ള വെൽഫയർ പാർട്ടിയുടെ സഹായം യു.ഡി.എഫിന് ലഭിച്ചതിനാൽ കെ.മുരളീധരന് ഡിവിഷനിലെ മിക്ക പഞ്ചായത്തുകളിലും നല്ല ഭൂരിപക്ഷമായിരുന്നു. യു.ഡി.എഫ് വെൽഫയർ പാർട്ടി ബന്ധം വിവാദമായെങ്കിലും കുറ്റ്യാടി മേഖലയിൽ യു.ഡി.എഫും വെൽഫയർ പാർട്ടിയും ഒക്കച്ചങ്ങാതിമാരായാണ് എൽ.ഡി.എഫിനെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്.