അപകടം പിതാവിനെ സഹായിക്കാൻ കടയിലേക്ക് പോകുന്നതിനിടെ
പുനലൂർ: പിതാവിനെ കടയിൽ സഹായിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ മരിച്ച ഒറ്റക്കല്ലിലെ സ്കൂൾ വിദ്യാർത്ഥിനികളുടെ ദാരുണാന്ത്യം മലയോര നാടിനെ കണ്ണീരിലാഴ്ത്തി. ഒറ്റക്കൽ നേതാജി ആറാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയായ ഒലിക്കര പത്തൻ വീട്ടിൽ അലക്സ്-സിന്ധു ദമ്പതികളുടെ മക്കളായ ശാലിനി, ശ്രുതി, സമീപവാസിയായ ടിസൺ ഭവനിൽ കുഞ്ഞുമോൻ-സുജ ദമ്പതികളുടെ മകളായ കെസിയ എന്നിവാരാണ് ഇന്നലെ വൈകിട്ട് ഉറുകുന്നിലുണ്ടായ വാഹനാപകത്തിൽ മരിച്ചത്.
ദേശീയപതയോരത്ത് വ്യാപാരശാല നടത്തുന്ന അലക്സിന്റെ അടുത്തേയ്ക്ക് പോവുകയായിരുന്നു സഹോരിമാരും അയൽവാസിയായ വിദ്യാർത്ഥിനിയും. പിതാവിന്റെ കടയുടെ നൂറ് മീറ്റർ അകലെയായിരുന്നു അപകടം. അപകട സ്വരം കേട്ട് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയ അലക്സിനെ നാട്ടുകാരാണ് പിന്തിരിപ്പിച്ച് വീട്ടിലെത്തിച്ചത്.
അപകടത്തിൽ തന്റെ രണ്ട് മക്കളും മരിച്ചെന്ന വിവരം അലക്സിന് ഉൾക്കൊള്ളാനായിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതിനാൽ പാതയോരത്തെ വ്യാപാരശാലയിൽ കച്ചവടത്തിന് സഹായിക്കാനാണ് മൊബൈൽ ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് മക്കളും അയൽവാസിയായ സുഹൃത്തും എത്തിയത്. അത് ഒടുവിലത്തെ യാത്രയാകുമെന്ന് ആരും കരുതിയില്ല. അയൽവാസിയായ ജയരാജീവാണ് അദ്യം അപകട വിവരം അറിയുന്നത്. ഓടിയെത്തിയ നാട്ടുകാർ മൂവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. അപകടശേഷം സമീപത്തെ പത്തടി താഴ്ചയിലേക്ക് മറിഞ്ഞ പിക്കപ്പ് വാൻ ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്.
സംഭവം അറിഞ്ഞ് ബി.ജെ.പി പുനലൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുധീർബാബു, തെന്മല പഞ്ചായത്ത് സമിതി പ്രസിഡന്റ് അജി.രാജ് തുടങ്ങിയവർ രാത്രിയിൽ അലക്സിന്റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു.
മൂവരും പഠനത്തിൽ മുന്നിൽ
പഠനത്തിൽ മികവ് പുലർത്തിയിരുന്ന മൂന്ന് വിദ്യാർത്ഥിനികളും മലയോര നാടിന്റെ അഭിമാനമായിരുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന കെസിയായുടെ മാതാവ് സുജയെ രാത്രി വൈകിയും മകളുടെ മരണ വിവരം അറിയിച്ചിട്ടില്ല.
പൊലീസുമായി വാക്കേറ്റം
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പുനലൂർ ഡിവൈ.എസ്.പി അനിൽദാസും നാട്ടുകാരും തമ്മിലുണ്ടായ വാക്കേറ്റം കൈയാങ്കളിയോളമെത്തി. ദേശീയപാതയോരത്ത് വീതി കുറവാണെന്നും പാതയോരത്ത് ഒന്നര വർഷം മുൻപ് ഇറക്കിയിട്ട മണ്ണും കല്ലും നീക്കാത്തതാണ് അപകട കാരണമെന്നും ആരോപിച്ച് പ്രദേശവാസികൾ ബഹളമുണ്ടാക്കി. ആർ.ഡി.ഒ സംഭവ സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാർ സംഘടിച്ചത്. സംഘർഷം ഒഴിവാക്കാൻ എത്തിയതായിരുന്നു ഡിവൈ.എസ്.പിയും സംഘവും. രാത്രിയോടെ കൂടുതൽ പൊലീസെത്തി നാട്ടുകാരെ പൊലീസ് പിരിച്ചുവിട്ടു.