കോട്ടയം : സി.എ.ജി റിപ്പോർട്ട് വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക് അവകാശലംഘനം നടത്തിയെന്ന പരാതി സ്പീക്കർ നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് വിട്ടതോടെ ഐസക് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തെന്ന് വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച കുറ്റം നിസാരവത്കരിക്കാനാവില്ല. എത്രയും വേഗം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് കോട്ടയം പ്രസ് ക്ളബിന്റെ മുഖാമുഖത്തിൽ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയും പാർട്ടിയും ഐസക്കിനെ തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്ടപ്പെട്ട മന്ത്രിക്ക് എങ്ങനെ തുടരാനാകും. ഐസക്കിന് പറയാനുള്ളത് ജനങ്ങളോട് പറയണം.
പെരിയ ഇരട്ടക്കൊലക്കേസിൽ കൊലയാളികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സി.ബി.ഐ അന്വേഷണം ഒഴിവാക്കാനായി സർക്കാർ കോടികൾ ചെലവഴിക്കുന്നതിനു പിന്നിലെ താത്പര്യമെന്തെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സോളാറിൽ ഒരു ബാർ മുതലാളിയുടെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ കേസെടുത്ത് നിശബ്ദനാക്കാനാവില്ല. മുഖ്യമന്ത്രിയെ വിമർശിക്കുന്നവരെയെല്ലാം വിജിലൻസ് കേസിൽ പെടുത്തുകയാണ്. നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണം. ചിലർക്ക് കൺസൾട്ടൻസി കമ്മിഷൻ തട്ടിയെടുക്കാനുള്ള പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിക്കില്ലെന്നും രമേശ് പറഞ്ഞു.