തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ സല്യൂട്ട് ചെയ്യേണ്ട ഗതികേടിലാണ് മന്ത്രിമാരെന്ന് കെ.മുരളീധരൻ എം.പി. പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതികൾക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച കുറ്റവിചാരണ ജനകീയ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാരക്കേസിൽ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് നാളുകളോളം പ്രതിഷേധിച്ച മുഖ്യമന്ത്രിക്ക് ഇന്ന് ശ്രീവാസ്തവയെ കണ്ടില്ലെങ്കിൽ ചായപോലും കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്.
യു.ഡി.എഫ് നേതാക്കളെ തെരഞ്ഞുപിടിച്ച് കേസെടുക്കുന്നു. ജോസ് കെ. മാണിക്കെതിരെ കേസെടുക്കുന്ന കാര്യം ചോദിക്കുമ്പോൾ സ്പീക്കർക്കോ സർക്കാരിനോ മുഖ്യമന്ത്രിക്കോ ചെവി കേൾക്കില്ല. നിയമസഭയുടെ എത്തിക്സ് കമ്മിറ്റി പോലും വിവാദങ്ങളിൽപ്പെടുന്ന ദുരവസ്ഥയായി. ഇക്കാര്യങ്ങൾ സ്പീക്കർ തിരിച്ചറിയണം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കൊലക്കേസ് പ്രതികൾക്ക് വരെ സഹായം നൽകി. പ്രവർത്തകരെ പാർട്ടി തത്വങ്ങൾ പഠിപ്പിക്കുന്ന കോടിയേരിക്ക് എന്തുകൊണ്ട് മക്കളെ പാർട്ടി തത്വങ്ങൾ പഠിപ്പിക്കാൻ പറ്റിയില്ലെന്നും മുരളീധരൻ ചോദിച്ചു. വി.എസ്.ശിവകുമാർ എം.എൽ.എ, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ സംസാരിച്ചു.